ചെന്നൈ: കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് ഡിഎംകെയുടെ ഓഫീസിന് പുറത്തെത്തി സ്വയം തീകൊളുത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും 11 മണിയോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. ഡിഎംകെയുടെ സജീവ പ്രവർത്തകനായ തങ്കവേൽ ഹിന്ദിയെ വിദ്യാഭ്യാസ മാധ്യമമായി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കാരണം വിഷമത്തിലായിരുന്നു.
“മോദി സർക്കാരേ, കേന്ദ്ര സർക്കാരേ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. നമ്മുടെ മാതൃഭാഷ തമിഴാണ്, ഹിന്ദി കോമാളികളുടെ ഭാഷയാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് വിദ്യാർത്ഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ.” മരിക്കുന്നതിന് മുമ്പ് ഒരു ബാനറിൽ തങ്കവേൽ എഴുതി.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തിന് മേൽ ഹിന്ദി അടിച്ചേൽപ്പിച്ചാൽ ദേശീയ തലസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ അവഗണിച്ചാൽ നിശ്ശബ്ദമായി തുടരില്ലെന്ന് പറഞ്ഞ് ഡിഎംകെ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികൾ പോലുള്ള സാങ്കേതിക-സാങ്കേതികേതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം രാജ്യമെമ്പാടും അധ്യയന മാധ്യമം ഹിന്ദി ആയിരിക്കണമെന്ന് പാർലമെന്ററി പാനൽ ശുപാർശ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ്പൊ തമിഴ്നാട്ടിലടക്കം പ്രതിഷേധം തുടങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി ഹിന്ദിയെ പരിഗണിക്കണമെന്നും പാനൽ ശുപാർശ ചെയ്തിട്ടുണ്ട്.