NationalNews

കര്‍ഷക മാര്‍ച്ചില്‍ വൻ സംഘര്‍ഷം; പാലത്തിന് നാശനഷ്ടം,പോലീസ് ബാരിക്കേഡുകള്‍ തള്ളി താഴെയിട്ട് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസുകാരുമായി സംഘര്‍ഷം. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

പ്രതിഷേധിച്ച കര്‍ഷകര്‍ പാലത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും, ബാരിക്കേഡുകള്‍ ബലംപ്രയോഗിച്ച് നീക്കാനും ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു നേരത്തെ ഒരു സംഘം കര്‍ഷകരെ പോലീസ് തടഞ്ഞിരുന്നു. കര്‍ഷകരുടെ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. കര്‍ഷക സംഘത്തിന് രാജ്പുര ബൈപ്പാസ് കടക്കാനുള്ള അനുമതി നല്‍കിയത് പഞ്ചാബ് പോലീസാണ്. തുടര്‍ന്ന് ഹരിയാനയിലെ അംബല വഴി ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായിരുന്നു.

പഞ്ചാബ്-ഹരിയാന മേഖലയിലെ ശംഭു അതിര്‍ത്തിയില്‍ വെച്ച് പ്രശ്‌നങ്ങള്‍ രൂപപ്പെടുകയായിരുന്നു. കര്‍ഷകര്‍ സിമന്റ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ വഷളായത്. പോലീസ് സുരക്ഷ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിക്കുകയായിരുന്നു. ഈ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ഇവര്‍ ബാരിക്കേഡുകള്‍ തള്ളിയിടുകയും ചെയ്തു.

ഇതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും പ്രയോഗിച്ചു. കുറച്ച് നേരം കണ്ണീര്‍ വാതകം ഡ്രോണുകള്‍ ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് പ്രയോഗിച്ചത്.

അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു. ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ. എല്ലാ കാര്യവും ചര്‍ച്ച ചെയ്യാം. എന്നാല്‍ മാര്‍ച്ചിനെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. ഇവര്‍ ഗൂഡലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു ഫലവുമുണ്ടായില്ല. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. പ്രശ്‌നപരിഹാരം കണ്ടെത്താന്‍ തയ്യാറാണെന്നും കാര്‍ഷിക സഹമന്ത്രി കൂടിയായ അര്‍ജുന്‍ മുണ്ട പറഞ്ഞു.

കര്‍ഷക ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചിലര്‍ പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരില്‍ വിശ്വസിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകരെ മൊത്തത്തില്‍ അപമാനിക്കാന്‍ ഒരുപാട് ശക്തികള്‍ ശ്രമിക്കുന്നുണ്ട്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അര്‍ജുന്‍ മുണ്ട പറഞ്ഞു.

നേരത്തെ കര്‍ഷക നേതാക്കളെ കണ്ട സര്‍ക്കാര്‍ സംഘത്തിന്റെ ഭാഗമായിരുന്നു മുണ്ട. മാര്‍ച്ച് നിര്‍ത്തിവെക്കണമെന്നായിരുന്നു ആവശ്യം. മൂന്ന് കാര്യങ്ങളില്‍ സമവായം കൊണ്ടുവരാന്‍ ചര്‍ച്ചയില്‍ സാധിച്ചിരുന്നില്ല. താങ്ങുവില ഉറപ്പിക്കാനുള്ള നിയമം അടക്കമുള്ളവയാണിത്. ചില വിഷയങ്ങളില്‍ സംസ്ഥാനങ്ങളോട് ഞങ്ങള്‍ക്ക് ചോദിക്കാനുണ്ട്. അതിനൊരു വഴി കണ്ടെത്തും. ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button