നിലമ്പൂര്‍: മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വികാര നിര്‍ഭര വിട നൽകി ജന്മനാട്. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. ആര്യാടനെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആര്യാടനെ അനുസ്മരിച്ച് പള്ളിമുറ്റത്ത് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇന്നലെ മലപ്പുറം ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രദേശത്തെ പ്രധാന രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും സംസ്കാര ചടങ്ങിനെത്തി.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടന്‍റെ മരണത്തോടെ മലബാറിലെ കരുത്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ഭൗതിക ശരീരം കാണാനെത്തിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ആര്യാടൻ ഉണ്ണീന്‍റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനിച്ച ആര്യാടൻ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു.