സൂററ്റ്: ഭക്ഷണം തികഞ്ഞില്ലെന്ന ആരോപണത്തിന് പിന്നാലെ അലങ്കോലമായ വിവാഹം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്നു. വരന്‍റെ വീട്ടുകാരാണ് വിവാഹ ചടങ്ങിനിടെ പ്രശ്നമുണ്ടാക്കിയത്. തുടർന്ന് വധു പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം.
ബിഹാർ സ്വദേശികളായ രാഹുൽ പ്രമോദ് മഹ്തോയും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹത്തിന്‍റെ വേദി സൂറത്തിലെ വരാച്ചയിലെ ലക്ഷ്മി ഹാൾ ആയിരുന്നു. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് വരന്‍റെ വീട്ടുകാർ ചടങ്ങുകൾ നിർത്തിവെച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അലോക് കുമാർ പറയുന്നു.
ചടങ്ങുകൾ ഏതാണ്ട് പൂർത്തിയായിരുന്നു. പരസ്പരം മാല അണിയിക്കൽ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് ചടങ്ങുകൾ അലങ്കോലമായത്. ഇതോടെ വധുവിന്‍റെ വീട്ടുകാർ സഹായത്തിനായി പൊലീസിനെ സമീപിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് വരനും വ്യക്തമാക്കി. പക്ഷേ വരന്‍റെ കുടുംബം വഴങ്ങിയില്ല. ഒടുവിൽ പ്രശ്നപരിഹാരത്തിന് ഇരു വീട്ടുകാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചർച്ചക്കൊടുവിൽ സമവായമായി.
എന്നാൽ വിവാഹ മണ്ഡപത്തിൽ തിരിച്ചെത്തിയാൽ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്ക വധു ഉന്നയിച്ചു. അതിനാൽ പൊലീസ് സ്റ്റേഷനിൽ വച്ചുതന്നെ വധുവും വരനും പരസ്പരം മാല അണിയിച്ചെന്നും ഡിസിപി വിശദീകരിച്ചു.