KeralaNews

ദിലീപിനനുകൂലമായി വ്യാജആരോപണങ്ങള്‍, മൊഴിയെടുക്കും ആര്‍.ശ്രീലേഖയുടെ ,ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.

മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്‍റെ പരിശോധനാഫലും ഇന്ന് കിട്ടിയേക്കും. 

വിവാദ യൂട്യൂബ് വീഡിയോയുടെ പേരിൽ ആര്‍.ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങൾക്കാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ: കുസുമം ജോസഫാണ്  ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.

പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

“ഒരു ചോരക്കുഞ്ഞിന്‍റെ ജ‍ഡം വേമ്പനാട്ട് കായലില്‍ പൊങ്ങി. അവിഹിത ഗര്‍ഭത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കായലില്‍ ഉപേക്ഷിച്ചാണെന്നുളള പ്രാഥമിക വിവരത്തിനപ്പുറം തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തി. അവര്‍ അപ്പോള്‍ വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയും ആയിരുന്നു. തന്‍റെ മുറച്ചെറുക്കനുമായി അനുരാഗത്തില്‍ ആയതും ആ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിനെ പുഴയുടെ കരയില്‍ വച്ച് പാല്‍കൊടുത്ത ശേഷം സാരിത്തലപ്പു കൊണ്ട് ശ്വാസം മുട്ടിച്ച് പുഴയിലിട്ടതും അവര്‍ ഏറ്റുപറഞ്ഞു”

പതിനേഴ് വര്‍ഷം മുമ്പ് 2005 മെയ് മാസത്തില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലൊന്നില്‍ ആര്‍ ശ്രീലേഖ എഴുതിയ സര്‍വീസ് സ്റ്റോറിയിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയില്‍ ശ്രീലേഖ ഇങ്ങനെ എഴുതി; ” ഞാന്‍ അറസ്റ്റ് ചെയ്താല്‍ അവരുടെ കുടുംബം തകരും. അവരുടെ ജീവിതം ഇല്ലാതാകും. ആ പിഞ്ചുകുഞ്ഞിന്‍റെ ജീവിക്കാനുളള അവകാശം നഷ്ടപ്പെടുത്തിയതില്‍ എന്ത് സമാധാനം പറയും ? ഞാനാകെ ആശയക്കുഴപ്പത്തിലായി. തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ മടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് വീണ്ട് കേസ് ഫയല്‍ എടുത്തു. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി വായിച്ചു നോക്കിയപ്പോള്‍ എനിക്ക് സംശയമായി. 

കുഞ്ഞിന്‍റെ ഹൃദയത്തെ കുറിച്ചുളള ഭാഗം വിശദീകരണം വേണ്ടതായിരുന്നു. ഹാര്‍ട്ട് എന്‍ലാര്‍ജ് എന്നാണ് എഴുതിയിരുന്നത്. ഞാന്‍ മൂന്ന് നാല് ശിശുരോഗ വിദഗ്ധരുടെ ഉപദേശം തേടി. അവര്‍ പറഞ്ഞു ‘ആ കുഞ്ഞ് അധികനാള്‍ ജീവിച്ചിരിക്കില്ല’. അതായാത് അന്ന് കൊന്നില്ലായിരുന്നെങ്കിലും കുഞ്ഞിന് ആയുസ് ഇല്ലായിരുന്നുവെന്ന്. ഈ അറിവില്‍ എന്‍റെ സംശയത്തിന്‍റെ ഉത്തരം ഉണ്ടായിരുന്നു. ആ അമ്മയെ വെറുതെ വിടുക. എന്‍റെ ബോസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എനിക്കായി. അണ്‍ഡിറ്റക്ടഡ് എന്നെഴുതി ഞാനാ കേസ് ഫയല്‍ ക്ലോസ് ചെയ്തു. പ്രതിയെ കണ്ടെത്താനാകാത്ത കേസായി അത് മാറി. ഞാനിന്നും അന്ന് ചെയ്തതില്‍ ഉറച്ചു നില്‍ക്കുന്നു. കാരണം നിയമത്തിനും അപ്പുറത്താണ് ചിലപ്പോള്‍ നീതിയുടെ ചക്രവാളം “

പിഞ്ചുകുഞ്ഞിനെ കൊന്ന് കായലില്‍ എറിഞ്ഞ കേസില്‍ പ്രതിയായ അമ്മയെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് അന്ന് സൃഷ്ടിച്ചത്. ഇതോടെയാണ് സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ പറ്റി അന്വേഷിക്കണം എന്ന ആവശ്യവുമായി അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവയെ സമീപിച്ചത്. അന്ന് ഡിഐജിയായി പൊലീസില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീലേഖ. 

പരാതി കിട്ടിയതോടെ അന്ന് ഐജിയായിരുന്ന ടിപി.സെന്‍കുമാറിനെ അന്വേഷണത്തിനായി നിയോഗിച്ചു ഡിജിപി. എന്നാല്‍ വകുപ്പു തല അന്വേഷണം നടത്തിയതോടെ വിവാദമായ വെളിപ്പെടുത്തലില്‍ നിന്ന് ശ്രീലേഖ പിന്‍മാറിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഓര്‍ത്തെടുക്കുന്നു. വെളിപ്പെടുത്തല്‍ കുഴപ്പമാകുമെന്ന് കണ്ടതോടെ ‘കുഞ്ഞിനെ കൊന്ന കഥ’ തന്‍റെ ഭാവനാ സൃഷ്ടി മാത്രമായിരുന്നെന്ന് ശ്രീലേഖ നിലപാടെടുത്തു. ഇതോടെ അന്വേഷണവും ആവിയായി. 

നടി ആക്രമിക്കപ്പെട്ട കേസിലെ ശ്രീലേഖയുടെ വെളിപ്പെടുത്തലും ഒരു ഭാവനാസൃഷ്ടി മാത്രമെന്ന് വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതും പതിനേഴ് വര്‍ഷം മുമ്പത്തെ ഈ അനുഭവമാണെന്ന് ജോമോന്‍ പറയുന്നു. ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ശ്രീലേഖ ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ജോമോന്‍ കരുതുന്നു.  അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ ആത്മകഥയായ “ദൈവത്തിന്‍റെ സ്വന്തം വക്കീല്‍” എന്ന പുസ്തകത്തിലും ശ്രീലേഖയുടെ പഴയ വെളിപ്പെടുത്തല്‍ വിവാദം ജോമോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button