കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതില്‍ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പടര്‍ന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം. ഇത് സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എ.സി.പി ലാല്‍ജി വ്യക്തമാക്കി. ‘എന്തുകൊണ്ടാണ് എന്റെ പേരില്‍ ഇങ്ങനെയൊരു സന്ദേശം വന്നതെന്ന് അറിയില്ല. എന്റെ ശബ്ദമല്ല ആ സന്ദേശത്തിലുള്ളത്. രോഗവ്യാപനത്തിനെതിരെ ജാഗ്രതയോടെ പോരാടുമ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണ്. ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ആരൊക്കെ പ്രചരിപ്പിക്കുന്നുവോ അവരെല്ലാം നിരീക്ഷണത്തിലാണ്. കര്‍ശനമായ നടപടി സ്വീകരിക്കും. ഈ സന്ദേശം വ്യാജമായി നിര്‍മിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കും. ഇതിന് പിന്നില്‍ ആരാണെന്നതില്‍ അന്വേഷണം നടക്കുകയാണ്’. എസിപി പറഞ്ഞു.
ഈ സമയത്ത് ഇത്തരം സന്ദേശങ്ങളുടെ ആധികാരികത മനസ്സിലാക്കാതെ അത് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കരുത് എന്ന് അപേക്ഷിക്കുന്നതായും ലാല്‍ജി പറയുന്നു.