ചെന്നൈ: നാട്ടുകാരെയും വീട്ടുകാരെയും എല്ലാം പറ്റിച്ച് പോലീസ് ഓഫീസറായി വിലസിയ വ്യാജനെ കൈയ്യോടെ പോലീസ് പൊക്കി. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് ‘വ്യാജ അസിസ്റ്റന്റ് കമ്മിഷണര്‍’ പിടിയിലായത്. ചെന്നൈ കൊളത്തൂര്‍ സ്വദേശി സി വിജയനാണ് (41) പോലീസ് വേഷത്തില്‍ നടന്ന് നാട്ടുകാരേയും വീട്ടുകാരേയും ഒരേ പോലെ കബളിപ്പിച്ചത്. ഭാര്യയുടെ മുന്നില്‍ ആളാകാനാണ് പോലീസാണെന്ന പേരില്‍ നടന്നതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. പോലീസ് സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവും വ്യാജ ഐഡി കാര്‍ഡ്, പോലീസ് യൂണിഫോം, കളിത്തോക്ക് എന്നിവയും പിടിച്ചെടുത്തു.
ദിണ്ടിഗല്‍-തേനി ദേശീയ പാതയില്‍ വത്തലഗുണ്ടിന് സമീപത്തെ ടോള്‍ ഗേറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൈറണ്‍ ഘടിപ്പിച്ച കാറില്‍ സംശയിക്കാവുന്ന തരത്തില്‍ ദിണ്ടിഗലില്‍നിന്ന് ഒരാള്‍ വരുന്നെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് പട്ടിവീരന്‍പട്ടി പോലീസ് വാഹനപരിശോധന നടത്തി ആളെ കൈയ്യോടെ പിടികൂടിയത്.
ടോള്‍ ഗേറ്റില്‍ പോലീസുകാര്‍ വാഹനം തടഞ്ഞപ്പോള്‍ ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എന്നാണ് പ്രതി പരിചയപ്പെടുത്തിയത്. വാഹനം തടഞ്ഞ പോലീസുദ്യോഗസ്ഥരെ പോലീസ് ശൈലിയില്‍ തന്നെ അഭിവാദ്യം ചെയ്ത് സ്ഥലംവിടാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ സമ്മതിച്ചില്ല. ഐഡി കാര്‍ഡ് കണ്ട് വ്യാജനാണെന്ന് സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പോലീസ് സേനയില്‍നിന്നുള്ള നിയമനമാണെന്നും പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ വിജയനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജനാണെന്ന കാര്യം പ്രതി സമ്മതിച്ചത്. ചെറുപ്പം മുതല്‍ പോലീസാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നില്‍ ആളാകാനാണ് പോലീസ് ചമഞ്ഞതെന്നും വിജയന്‍ സമ്മതിച്ചു. പത്ത് മാസത്തോളമായി തട്ടിപ്പ് തുടര്‍ന്നുവരികയായിരുന്നെന്നും തമിഴ്നാട്ടിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനെന്ന വ്യാജേന പരിഗണന നേടി ഇയാള്‍ കേരളത്തില്‍ അടക്കം ക്ഷേത്രദര്‍ശനം നടത്തിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.