ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ആറുമാസം ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍. പുനലൂരിലെ ആശുപത്രിയില്‍ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശി എന്‍. ബിനുകുമാറിനെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2020 ഡിസംബര്‍ മുതല്‍ പൂച്ചാക്കല്‍ ആശുപത്രിയില്‍ ഡോക്ടറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടര്‍ ബബിതയുടെ പരാതിയെ തുടര്‍ന്ന് രണ്ട് മാസമായി പോലീസ് ഇയാളെ തേടുകയായിരുന്നു. ഡോ.ബബിതയുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
പ്ലസ് ടു യോഗ്യതയുള്ള ബിനുകുമാര്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ പഠിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ആശുപത്രികളില്‍ ജോലി ചെയ്തുവന്നത്. തന്റെ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നതായറിഞ്ഞ ഡോ.ബബിത ഏപ്രിലില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. ഇതറിഞ്ഞ ബിനു കുമാര്‍ ഒരു മാസം മുന്‍പ് പൂച്ചാക്കലില്‍ നിന്ന് കടന്ന് കളഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുനലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ബിനു കുമാര്‍ ജോലിയില്‍ പ്രവേശിച്ചതായി കണ്ടെത്തിയത്.
പുനലൂര്‍ പോലീസിന്റെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ചിറയിന്‍കീഴുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നു ഡോ. ബബിതയുടെ സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ടുപോയി തിരുത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ബിനുകുമാറിനെ പൂച്ചാക്കലില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി.
പ്രീഡിഗ്രി പാസാകാത്ത ബിനുകുമാര്‍ തിരുവനന്തപുരത്തെ കാരക്കോണത്ത് ഒരു ലാബില്‍ ടെക്‌നിഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും അവിടെ വച്ച്, മറ്റൊരു വ്യാജ ഡോക്ടറായ അലക്‌സിന്റെ സുഹൃത്ത് സജിത്തിന്റെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതെന്നും ബിനുകുമാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.