ദുബൈ: ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയാകാന്‍ ദുബൈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്‍ മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ താരം ഐ.പി.എല്‍ ടീം സ്വന്തമാക്കുന്നുവെന്ന് പ്രചാരണം കൊഴുക്കുകയാണ്. അടുത്ത ഐ.പി.എല്‍ സീസണില്‍ 9 ടീമുകള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ബി.സി.സി.ഐ നല്‍കിയതും പ്രചാരണം കൊഴുക്കാന്‍ ഇടയാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ‘ദി ഹിന്ദു’വിന്റെ ഓണ്‍ലൈന്‍ വാര്‍ത്ത 2009ലേതാണ്. ഇതുസംബന്ധിച്ച് മോഹന്‍ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ യാതൊരു പ്രതികരണവും അറിയിച്ചില്ല.
ഐ.പി.എല്‍ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ ഗ്രൂപ്പുമായുള്ള ബന്ധം മൂലമാണ് മോഹന്‍ ലാലിന് ഐ.പി.എല്‍ ഫൈനലില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനായത്. ഡിസ്‌നി-സ്റ്റാര്‍ കണ്‍ഡ്രി ഹെഡ് കെ.മാധവന്‍ ലാലിന്റെ കൂടെയുണ്ടായിരുന്നു.
2009ല്‍ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് ഐ.പി.എല്‍ ടീമിനായി ശ്രമിച്ചിരുന്നെങ്കിലും താങ്ങാനാകാത്തതിനാല്‍ ശ്രമം ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് 2011ല്‍ കൊച്ചി ആസ്ഥാനമാക്കി കൊച്ചി ടസ്‌കേഴ്‌സ് ക്ലബ് വന്നെങ്കിലും ഒരൊറ്റ സീസണ്‍കൊണ്ട് തന്നെ ക്ലബ് ഐ.പി.എല്‍ വിട്ടിരുന്നു.
ബി.സി.സി.ഐക്ക് വാര്‍ഷിക ഗാരന്റി നല്‍കിയില്ലെന്ന പേരില്‍ 2011ലാണ് കൊച്ചി ടസ്‌കേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയത്. 300കോടി നഷ്ടപരിഹാരം നല്‍കിയാല്‍ കോടതിക്ക് പുറത്ത് കേസ് തീര്‍ക്കാമെന്ന് ടസ്‌കേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും ബി.സി.സി.ഐ സമ്മതിച്ചിരുന്നില്ല. പിന്നീട് ബി.സി.സി.ഐ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ടസ്‌കേഴ്‌സ് ഉടമകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തര്‍ക്ക പരിഹാര പാനല്‍ ഉത്തരവിട്ടിരുന്നു.