KeralaNews

പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് ‘അമ്മ’ മറന്നിരുന്നു! ലോക അള്‍ഷിമേഴ്‌സ് ദിനത്തില്‍ കണ്ണ് നിറയ്ക്കുന്ന കുറിപ്പ്

കോട്ടയം: ഇന്ന് ലോക അള്‍ഷിമേഴ്‌സ് ദിനം. തലച്ചോറിന്റെ താളം തെറ്റിച്ച് ഓര്‍മക്കൂട്ടുകള്‍ മറവിയുടെ മാറാലയിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അള്‍ഷിമേഴ്‌സ്. പ്രിയപെട്ടവയെ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥ. അള്‍ഷിമേഴ്‌സ് അനുഭവിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ നിസ്സഹായരായി നില്‍ക്കുന്നത് ചുറ്റുമുള്ളവരാണ്. ജീവിതത്തില്‍ അത് വരെ സംഭവിച്ച കാര്യങ്ങളും പ്രിയപ്പെട്ടവരും ഓര്‍മകളില്‍ നിന്ന് പടിയിറങ്ങി പോകുന്ന ഈ അവസ്ഥ ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത എത്തുന്ന മറവിരോഗം നമ്മളെ ഇങ്ങനെയൊരു സാഹചര്യത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

കേരളത്തില്‍ പ്രായം ചെന്നവരില്‍ മറവിരോഗം കൂടിവരുന്നതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങള്‍ മറവിരോഗത്തിന് കാരണമാകാം. ഇവര്‍ക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അള്‍ഷിമേഴ്‌സ് ദിനവും ഓര്‍മ്മിപ്പിക്കുന്നത്. ലോക അള്‍ഷിമേഴ്‌സ് ദിനത്തില്‍ അപര്‍ണ ജി.എസ് കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവച്ച ഹൃദയഹാരിയായ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛമ്മയിലെ മറവിരോഗവും തനിക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഓര്‍മ്മകളുമാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ അപര്‍ണ പങ്കുവച്ചിരിക്കുന്നത്. ക്ഷമയും കരുതലും അള്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് എത്ര പ്രധാനപ്പെട്ടതാണെന്നും കുറിപ്പ് പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;

അല്പം നീളമുള്ള പോസ്റ്റ് ആണ്…ക്ഷമ വേണം .??)
തറവാട്ടില്‍ നിന്ന് വേറെ വീട് വെച്ചു മാറിയപ്പോള്‍ ഞങ്ങളുടെ കൂടെ ‘അമ്മ എന്ന് ഞാന്‍ വിളിക്കുന്ന അച്ഛമ്മയും കൂടെ പോന്നു. ‘അമ്മ എന്നത് പിന്നീട് അമ്മുരു എന്നാക്കി ഞാന്‍ പരിഷ്‌കരിച്ചിരുന്നു. ആ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ടതില്ല എന്ന് അച്ഛന്‍ നിഷ്‌കര്ഷിച്ചിരുന്നുവെങ്കിലും ഒരു വലിയ മണ്‍കലത്തില്‍ അവശ്യത്തിലുമധികം ചോറും മറ്റൊരു കലത്തില്‍ സാമ്പാറും ആള്‍ നിത്യേന പുഴുങ്ങി. പത്രം അരിച്ചുപെറുക്കി വായിക്കുക, പ്രധാന വാര്‍ത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിക്കുക, അച്ഛന്‍ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരങ്ങള്‍ ഒന്നും മനസ്സിലായില്ലെങ്കിലും വായിച്ചു കൂട്ടുക എന്നത് ആ മൂന്നാം ക്‌ളാസുകാരിയുടെ ദിനചര്യ ആയി. ഞങ്ങളെ കാണിക്കാതെ രഹസ്യമായി ആള്‍ ആത്മകഥ വരെ എഴുതിയിരുന്നു.!

അച്ഛന്‍ വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥലം മാറ്റല്‍, താക്കോല്‍ മറന്നു വെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് അമ്മുരു സ്ഥിരമായി വഴക്ക് കേട്ടിരുന്നു..’കുറ്റങ്ങളുടെ’ എണ്ണവും തീവ്രതയും പതുക്കെ കൂടിക്കൊണ്ടിരുന്നു. ഒരിക്കല്‍ കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോള്‍ ചുള നിലത്തേക്കും ചൗണിയും കുരുവും മുറത്തിലേക്കും ഇട്ടു. പതിവ് രീതി വിട്ട് അമ്മയ്ക്ക് ഈയിടെയായി മറവി കൂടുതല്‍ ആണെന്ന് അച്ഛന്‍ പിറുപിറുത്തു.
അധികം നാളുകള്‍ കഴിഞ്ഞില്ല, കുളിക്കാന്‍ കുളിമുറിയില്‍ കേറിയ ‘അമ്മ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാല്‍ പരിഭ്രാന്തനായ അച്ഛന്‍ വാതില്‍ തല്ലിപ്പൊളിക്കുമാര്‍ തട്ടി. വീണെങ്ങാന്‍ ബോധരഹിതയായി കിടക്കുകയാണോ എന്നായിരുന്നു ഭയം..തട്ടിനും മുട്ടിനും ശേഷം ആള്‍ വാതില്‍ തുറന്നു..പൂര്‍ണ നഗ്‌നയാണ് കുളിച്ചിട്ടുമില്ല.
‘ ഇത്ര നേരം ഇതെന്തെടുക്കുകയായിരുന്നു ?’ അച്ഛന്‍ അലറി.
‘ഇതില്‍ വെള്ളമില്ല’ – സങ്കോചത്തോടെ മറുപടി .
അച്ഛന്‍ പൈപ്പ് തുറന്ന് നോക്കി..വെള്ളമുണ്ട്.
‘ ഇതിങ്ങനെ തിരിക്കണമായിരുന്നോ ? ‘
‘അമ്മ ആരാഞ്ഞു.
പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് ‘അമ്മ മറന്നിരുന്നു

അമ്മയ്ക്ക് മറവിയാണ് ! നേര്‍ വഴിയിലൂടെ സ്മൂത് ആയി പോയിക്കൊണ്ടിരുന്നിട്ട് പെട്ടെന്ന് കൊടും വളവിലെത്തിയ പ്രതീതി! ചികിത്സ വേണ്ടേ? വേണം…ഡോക്ടറിനെ കണ്ടു.. മൂന്നാം ക്ലാസ്സുകാരിക്ക് നല്ല പത്ര വായന ഉണ്ടെന്ന് കണ്ട ഡോക്ടര്‍ ചില ചോദ്യങ്ങള്‍ ഇടക്ക് ചോദിച്ചു. തലേന്ന് നടന്ന ഫുട്ബോള്‍ മത്സരത്തിലെ വിജയി ആരെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ആളുടെ മറുപടി-
‘സൂക്ഷം എനിക്കറിയില്ല മോനേ, എന്നാലും എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഇന്ഗ്ലണ്ട് ആണ് ‘ -!
രോഗിക്കുള്ള ചികിത്സയെക്കാള്‍ മക്കള്‍ക്ക് ഒരു ബോധവല്‍ക്കരണ ക്ളാസ് നല്‍കിയാണ് ആ ഡോക്ടര്‍ അന്ന് വിട്ടത്.

ഞങ്ങളുടെ വീട്ടില്‍ വികൃതിയായ ഒരു ‘കുട്ടി’ ഉണ്ടായിരിക്കുന്നു- ഞാന്‍ ആ സത്യം മനസിലാക്കി.. അടുപ്പില്‍ വേവുന്ന കഞ്ഞിയിലേക്ക് പച്ചക്കറിതൊലി ഇട്ട് ഇളക്കുക, രാത്രി ഒരു മണിക്ക് വാശി പിടിച്ച് നടക്കാന്‍ ഇറങ്ങുക , കറിക്കത്തികളും എന്റെ ഹെയര്‍ ക്ലിപ്പുകളും ഫ്രിഡ്ജില്‍ ഒളിപ്പിക്കുക, ഡയപ്പര്‍ ബലമായി മാറ്റുക, എന്നിട്ട് അന്തസായി ഒരു ദിവസം 22 നൈറ്റികള്‍ മാറുക എന്നിവ ചില കുറുമ്പുകള്‍ മാത്രം !
പോകെപോകെ സംസാരം കുറഞ്ഞു. വാക്കുകള്‍ കിട്ടാതെ ഇടക്ക് നിന്നു..ഉറക്കമില്ലായ്മ രൂക്ഷമായി..പല തവണ ആശുപത്രിയില്‍ ആയി..അപ്പോഴൊക്കെ ഞാനാണ് രോഗിയെന്ന് നിനച്ചു എന്നെ ബെഡില്‍ കിടത്തി ശുശ്രൂഷിക്കാന്‍ തുടങ്ങി. അനങ്ങിയാല്‍ കൈത്തണ്ടയില്‍ തല്ലും..ഭക്ഷണ ശീലം മാറി..sprite ഇഷ്ട പാനീയവും മാഗി, ബര്‍ഗര്‍, മീറ്റ് റോളുകള്‍ എന്നിവ ഇഷ്ട ഭക്ഷണവുമായി. ഈ വയസുകാലത്ത് അതിനിഷ്ടമുള്ളത് എന്താന്നു വെച്ചാല്‍ കഴിക്കട്ടെ എന്നായി അച്ഛന്‍.

അമ്മുരുവിനെ കുളിപ്പിക്കേണ്ടത് എന്റെ ചുമതല ആയി. ആദ്യം അച്ഛനോട് നീരസം കാണിച്ചും പിന്നീട് കടമ പോലെയും അതും കഴിഞ്ഞ് പാട്ടും പാടി കൊഞ്ചിച് ഇഷ്ടത്തോടെയും ഞാനത് ചെയ്തു പോന്നു. മൂത്ത പേരക്കുട്ടിയുടെ വീട്ടില്‍ കൊണ്ട് പോകാന്‍ ഓട്ടോയും ആയി വരാറുള്ള അവറാച്ചന്‍ ചേട്ടന്‍ അമ്മക്ക് കസ്തൂരിയുടെ ഗന്ധമാണെന്ന് അഭിപ്രായപ്പെട്ടു..
ഡിസംബര്‍ മാസത്തിലെ ഒരു രാവിലെ തലവേദനയുമായി ഉണര്‍ന്നതാണ് അച്ഛന്‍.അന്ന് സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും ഞങ്ങളെ വിട്ടു പോയിരുന്നു .അമ്മുരുവിന്റെ ഓര്‍മകളുടെ താളുകള്‍ പൂര്‍ണമായും ചിതലരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങള്‍ മരണ വീട്ടില്‍ ഉണ്ടായി .പരിചയമുള്ളവരുടെ സന്ദര്‍ശനത്തില്‍ അമ്മുരു വിതുമ്പി. ചുവരില്‍ തൂക്കും മുന്‍പ് ടീപോയില്‍ ചാരി വെച്ചിരുന്ന അച്ഛന്റെ വലിയ ചിത്രത്തില്‍ വാത്സല്യത്തോടെ തഴുകുകയും ചോറ്റുകിണ്ണം എടുത്ത് ഉരുളകള്‍ വായിന് നേരെ നീട്ടുകയും ചെയ്തു. രാത്രികളില്‍ നീട്ടി വെച്ച എന്റെ കൈയില്‍ കിടന്ന് എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് താരാട്ടു കേള്‍ക്കുകയും ഉടുപ്പിനുള്ളിലൂടെ കൈയിട്ട് ബ്രാ സ്ട്രാപ്പില്‍ തെരുപ്പിടിക്കുകയും ചെയ്തു..

അച്ഛന്‍ പോയതോടെ അമ്മുരു പാതി ആത്മാവ് മാത്രമായി. 7-6.30 എന്ന സമയത്തില്‍ ജോലി ചെയ്തിരുന്ന എനിക്ക് അച്ഛന്റെ അഭാവം നികത്താനായില്ല..വൈകുന്നേരങ്ങളില്‍ അമ്മുരു എനിക്കായി ജനല്‍ക്കല്‍ കാത്തു നിന്നു .എന്റെ കൈയിലെ പലഹാരപ്പൊതികള്‍ക്കായി കൈ നീട്ടി.. മോഹന്‍ലാലിനെയും ഗായിക ചിത്രയെയും വി.എസ്.അച്യുതാനന്ദനെയും ടിവിയില്‍ കണ്ട് ആഹ്ലാദത്തോടെ പല ശബ്ദങ്ങളും ഉണ്ടാക്കി..
അച്ഛന്‍ പോയി 11 മാസങ്ങള്‍ക്ക് ഇപ്പുറത്ത് അമ്മുരുവും പോയി..അമ്മയോ അച്ഛനോ അപ്പൂപ്പനോ മരിച്ചപ്പോള്‍ കരയാത്ത വണ്ണം ഞാന്‍ വാവിട്ടു കരഞ്ഞു.. മറ്റുള്ളവര്‍ക്ക് അവര്‍ 87 വയസ്സുള്ള ഒരു വൃദ്ധ മാത്രമായിരുന്നു ..എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെ ആയിരുന്നു. കാരണം വാക്കുകള്‍ നഷ്ടപ്പെട്ട് മൂളലുകളും ചില ശബ്ദങ്ങളും മാത്രമായി ഒതുങ്ങുന്നതിന് മുന്‍പുള്ള കുറച്ചു കാലം അമ്മുരു എന്നെ വിളിച്ചിരുന്നത് ”അമ്മേ…’ എന്നായിരുന്നു ..!
നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുന്നില്ല. ഓര്‍മകള്‍ .. അത്ര മാത്രം ഓര്‍മകള്‍ !
സെപ്റ്റംബര്‍ 21 – World Alzheimer’s Day …….
ഓര്‍മകള്‍ ഉണ്ടായിരിക്കട്ടെ
(ചിത്രത്തില്‍ അമ്മയുടെ അവസാന എഴുത്തുകള്‍…)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button