ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദഗതി നിർദേശിച്ച് പാർലമെന്ററി പാനൽ. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കരട് റിപ്പോർട്ടിൽ നിയമം തിരികെ കൊണ്ടുവരാൻ നിർദേശിച്ചത്. ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ ശിക്ഷിക്കുന്നതായിരുന്നു 497-ാംവകുപ്പ്. കുറ്റം തെളിഞ്ഞാൽ പുരുഷന് അഞ്ച് വർഷം തടവ് ശിക്ഷ പുരുഷന് ലഭിക്കുമെങ്കിലും സ്ത്രീയെ നിയമനടപടിയിൽ നിന്നൊഴിവാക്കിയിരുന്നു.
നിയമത്തിൽ ലിംഗ-നിഷ്പക്ഷ വകുപ്പ് ചേർക്കാനും പുരുഷന്മാരും സ്ത്രീകളും ട്രാൻസ് വ്യക്തികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
കരട് വെള്ളിയാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയ ഐപിസിയുടെ 377-ാം വകുപ്പ് 2018ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ ഭാഗികമായി റദ്ദാക്കപ്പെട്ടിരുന്നു.
പുറമെ, അനധികൃത സമരങ്ങളും പ്രകടനങ്ങളും നടത്തുന്നവർക്കുള്ള ശിക്ഷ നിലവിലുള്ള രണ്ട് വർഷത്തിൽ നിന്ന് പരമാവധി ഒരു വർഷമായി കുറയ്ക്കണമെന്നും കരട് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കൂടാതെ, അശ്രദ്ധമൂലമുള്ള മരണങ്ങൾക്കുള്ള ശിക്ഷ നിലവിലുള്ള ആറ് മാസത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്താനും സമിതി നിർദ്ദേശിക്കുന്നു.
2018ലാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം.
എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേൽ മറ്റൊരു ലിംഗത്തിന് നൽകുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്.
സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും വിധി പ്രസാതാവത്തില്‍ വ്യക്തമാക്കി. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി.
സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാനും വിലയിരുത്തി. മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.