ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടു പടക്ക നിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പുളിങ്കുന്ന് മുപ്പതില്‍ റെജി ചാക്കോയാണു ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുളിങ്കുന്ന് കിഴക്കേചിറയില്‍ കുഞ്ഞുമോള്‍ (55) വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചിരുന്നു.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഗവ.എല്‍പി സ്കൂളിനു സമീപം പുരയ്ക്കല്‍ കൊച്ചുമോന് ആന്റണി എന്നയാളുടെ ലൈസന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു പടക്ക നിര്‍മാണശാലകളിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.20ഓടെസ്ഫോടനവും തീപിടിത്തവും ഉണ്ടായത്. പടക്കനിര്‍മാണശാലയിലെ തൊഴിലാളികളായ ഒമ്പതുപേരില്‍ ഏഴുപേര്‍ സ്ത്രീകളാണ്.
തങ്കച്ചന് എന്നയാളുടെ പേരിലുള്ള സ്ഥലത്താണ് ഒരു നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. സമീപത്തുള്ള ബിനോയ് എന്നയാളുടെ വീടിനു മുന്‍വശത്താണ് തകര്‍ന്ന മറ്റൊരു ഷെഡ്. ഇരു കെട്ടിടങ്ങളും തമ്മില്‍ അഞ്ചു മീറ്ററിന്റെ അകലം മാത്രമാണുള്ളത്. പടക്കനിര്‍മാണശാലയ്ക്കു സമീപത്തെ മറ്റു രണ്ടു വീടുകളുമായി മൂന്നു മീറ്ററില്‍ താഴെ മാത്രം അകലമാണുള്ളത്.
സ്ഫോടനത്തെ തുടര്‍ന്ന് ഈ രണ്ടു വീടുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. പടക്കനിര്‍മാണശാലയ്ക്കു വില്പനയ്ക്കു മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.