കൊച്ചി:പാലായില്‍ ജോസ് കെ.മാണി മുന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. കേരള കോണ്‍ഗ്രസ്–എം പാലാ തിരിച്ചുപിടിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ജോസ് കെ.മാണി മാണി സി.കാപ്പനേക്കാള്‍ 6.10% വോട്ടിന് മുന്നിലെത്തുമെന്നാണ് പ്രവചനം. കടുത്ത പോരാട്ടം നടന്ന മണ്ഡലത്തില്‍ ജോസ് കെ.മാണി സിറ്റിങ് എംഎല്‍എ മാണി സി.കാപ്പനെ 6.10 % മാര്‍ജിനില്‍ മറികടക്കുമെന്ന് എക്സിറ്റ് പോള് വിശദമാക്കുന്നു.
2016ല്‍ കെ.എം.മാണി 3.36 % (4703 വോട്ട്) മാര്‍ജിനില്‍ വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ 2943 വോട്ടിന് പിടിച്ചെടുക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ (11 പേര്‍) മല്‍സരിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലാ.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ തട്ടകമായ കടുത്തുരുത്തി യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ നേരിട്ട ഏറ്റവും കടുത്ത പോരാട്ടം ആണി ഇക്കുറി എന്നുറപ്പ്. കഴിഞ്ഞ തവണ 33.23 % മാര്‍ജിനില്‍ (42256 വോട്ട്) തകര്‍പ്പന്‍ ജയം നേടിയ മോന്‍സിന് എക്സിറ്റ് പോള്‍ പ്രവചിക്കുന്ന മാര്‍ജിന്‍ 2.90 % മാത്രം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായ കടുത്തുരുത്തി നിലനിര്‍ത്താന്‍ മോന്‍സിന് കഴിഞ്ഞാല്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നാകും അത്. മോന്‍സിന്റെ വോട്ട് വിഹിതത്തില്‍ 15.23 % ഇടിവാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 15.1 % വര്‍ധനയും കാണുന്നു. എന്‍ഡിഎ വോട്ടില്‍ കാര്യമായ വ്യത്യാസമില്ല.
വൈക്കത്ത് സിപിഐയ്ക്ക് അനായാസജയം പ്രവചിച്ച് എക്സിറ്റ് പോള്‍. സിറ്റിങ് എംഎല്‍എ സി.കെ.ആശ 24.30 % വോട്ടിന് മുന്നിലെത്തുമെന്നാണ് പ്രവചനം. സിറ്റിങ് എംഎല്‍എ സി.കെ.ആശയ്ക്ക് അനായാസവിജയം പ്രവചിക്കുകയാണ് എക്സിറ്റ് പോള്‍. മൂന്ന് വനിതകളുടെ പോരാട്ടത്തില്‍ 24.30% എന്ന വമ്പന്‍ മാര്‍ജിനില്‍ ആശ കോണ്‍ഗ്രസിലെ പി.ആര്‍.സോനയെ മറികടക്കുമെന്നാണ് പ്രവചനം. 2016ല്‍ 18.62% (24584 വോട്ട്) മാര്‍ജിനില്‍ വിജയിച്ച ആശ ഭൂരിപക്ഷം വര്‍ധിപ്പിക്കും. എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിനും ബിഡിജെഎസിനും ഒന്നുമുതല്‍ രണ്ടുശതമാനം വരെ വോട്ട് നഷ്ടം രേഖപ്പെടുത്തുന്നു.
ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍ 7.60 % വോട്ടിന് മുന്നിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. യുഡിഎഫിന്റെ സാധ്യത അടച്ച് ലതിക സുഭാഷിന്റെ സാന്നിധ്യം തെളിയുന്നു സര്‍വേയില്‍. കോണ്‍ഗ്രസ് വിമത ലതിക സുഭാഷിന്റെ സ്ഥാനാര്‍ഥിത്വം ഏറ്റുമാനൂരില്‍ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിച്ചില്ലെങ്കിലും യുഡിഎഫിന്റെ സാധ്യത അടച്ചുവെന്ന് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കെ.അനില്‍കുമാറിനെതിരെ തിരുവഞ്ചൂര്‍ 16.90 % ലീഡ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിനായി തിരുവഞ്ചൂര്‍ 53.40 ശതമാനം വോട്ട് നേടും എന്നാണ് പ്രവചനം. കെ.അനില്‍ കുമാര്‍ തിളക്കമാര്‍ന്ന പ്രചാരണം നടത്തിയെങ്കിലും തിരുവഞ്ചൂരിന്റെ പോപ്പുലാരിറ്റി കുറഞ്ഞിട്ടില്ലെന്ന് എക്സിറ്റ് പോള് പറയുന്നു. 16.90 % മാര്‍ജിനില്‍ തിരുവഞ്ചൂര്‍ മണ്ഡലം നിലനിര്‍ത്തും. കഴിഞ്ഞ തവണ 26.15 % (33632 വോട്ട്) ആയിരുന്നു മാര്‍ജിന്‍.