ന്യൂഡല്‍ഹി:ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ എന്ത് വില കൊടുത്തും അക്കൗണ്ട് തുറക്കുമെന്ന വാശിയിലായിരുന്നു ബി ജെ പി. ഈ ലക്ഷ്യത്തോടെ വലിയ പ്രവർത്തനങ്ങളും പാർട്ടി സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അഞ്ച് വരെ സീറ്റുകളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തി നേരത്തെ തന്നെ ബി ജെ പി പ്രവർത്തനവും ആരംഭിച്ചിരുന്നു.
ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പ്രകാരം ബി ജെ പിക്ക് കേരളത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. അതായത് രണ്ട് സീറ്റുകളില്‍ അവർ ഉറപ്പായും വിജയിക്കുമെന്ന്. ഇത് ഏതൊക്കെ മണ്ഡലങ്ങളാണെന്ന സൂചനയും ഇന്ത്യാടുഡെ അവതാരകനായ പ്രദീപ് ഗുപ്ത നല്‍കുന്നുണ്ട്. ആറ്റിങ്ങലിലും തൃശൂരിലുമാണ് കേരളത്തില്‍ ബി ജെ പി വിജയിച്ചേക്കാവുന്ന മണ്ഡലങ്ങളെന്നാണ് പ്രദീപ് ഗുപ്ത അവകാശപ്പെടുന്നത്.
ബി ജെ പി ഏറ്റവും കൂടുതല്‍ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തൃശൂർ. ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും ഇത്തവണ സുരേഷ് ഗോപി വിജയിച്ച് കയറുമെന്നാാണ് എക്സിറ്റ് പോള്‍ പ്രവചനം. അതുപോലെ തന്നെ എല്‍ ഡി എഫ് വിജയം പ്രതീക്ഷിക്കുന്ന ആറ്റിങ്ങലില്‍ കേന്ദ്ര മന്ത്രി വി മുരളധീരനിലൂടെ ബി ജെ പി മണ്ഡലം പിടിച്ചേക്കും.
ഏവരും ഉറ്റുനോക്കുന്ന തിരുവനന്തുപരത്ത് ശക്തമായ മത്സരമാണ് എന്‍ ഡി എയ്ക്കും യു ഡി എഫിനും ഇടയില്‍ നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കമുള്ളത് എന്‍ ഡി എ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനാണ്. ഇന്ത്യാടുഡെയുടെ പ്രവചനം ശരിയാകുകയാണെങ്കില്‍ കേരളത്തിലെ തൃശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം സീറ്റുകള്‍ ബി ജെ പി നേടിയേക്കും.
അനില്‍ ആറ്റണി മത്സരിച്ച പത്തനംതിട്ടയിലും ബി ജെ പി ശക്തമായ മത്സരം കാഴ്ച്ചവെച്ചുവെന്നാണ് ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യാ പ്രവചനം. അതേസമയം കേരളത്തില്‍ ബി ജെ പിയുടെ വോട്ട് വിഹിതം കുത്തനെ ഉയർന്നേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 15 ശതമാനത്തോളമായിരുന്ന വോട്ട് വിഹിതം ഇത്തവണ 27 ശതമാനത്തിലേക്ക് എത്തിയേക്കും. എല്‍ ഡി എഫുമായി കേവലം രണ്ട് ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരിക്കുകയുള്ളുവെന്നും സർവ്വേ പ്രവചിക്കുന്നു.