ആലുവ: പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തൊട്ടടുത്തുള്ള ഷെഡിനേക്കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. കഞ്ചാവ് മാഫിയയുടെ താവളമായ ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്കടക്കം നടന്നുപോവാനാവാത്ത അവസ്ഥയുമുണ്ട്.നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് നഗരസഭാ ഉദ്യോഗസ്ഥരും എക്‌സൈസും സംയുക്തപരിശോധനയ്‌ക്കെത്തിയത്.റോഡ് പുറമ്പോക്കില്‍ സ്ഥിതിചെയ്യുന്ന ഷെഡിന്റെ മുന്‍ഭാഗം പൂട്ടിയ നിലയിലായിരുന്നതിനാല്‍ പിന്‍വശത്തൂടെ ഉദ്യോഗസ്ഥര്‍ ഷെഡിന്റെ സമീപത്തെത്തി.ജനാലയില്‍ കൂടിയുള്ള നിരീക്ഷണത്തില്‍ സ്ത്രീ തിരിഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ടതോടെ സ്ത്രീവേഷം അഴിച്ചെറിഞ്ഞ് ഒരു പുരുഷന്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി.അമ്പരന്ന ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല.
ഷെഡിനു മുന്‍വശം ചെരുപ്പുകുത്തിയിരുന്നയാളെ കുറച്ചുനാളായി കാണാതായതും സംശയമുയര്‍ത്തി.ഇയാള്‍ കഞ്ചാവു കേസില്‍ ജയിലിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഷെഡിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു.ഈ ഭാഗത്തു കൂടി രാത്രി കടന്നുപോകുന്ന യാത്രക്കാരുടെ പണവും ആഭരണങ്ങളുമൊക്കെ അപഹരിച്ചതായും പരാതിയുയര്‍ന്നിരുന്നു.ഇതിനു നേതൃത്വം നല്‍കിയിരുന്ന കവര്‍ച്ചാ സംഘങ്ങളാണോ ഷെഡില്‍ തമ്പടിച്ചിരുന്നതെന്നും പരിശോധിച്ച് വരികയാണ്.