കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റുചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.
50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചു. ഇതെല്ലാം അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കി എടുക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 50 ഗ്രാമിന് 2000 രൂപ വാങ്ങിയാണ് വിറ്റിരുന്നത്.
നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് എക്‌സൈ് അധികൃതർ അറിയിച്ചു
കോളേജ് വിദ്യാർഥികൾക്കടക്കം ലഹരി കൈമാറാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതിയോട് കഞ്ചാവ് വാങ്ങിയ, എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേൽ ആരോമൽ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധിപേർ കഞ്ചാവ് ആവശ്യപ്പെട്ട് സുഹൈൽ സുലൈമാന്റെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെ.ആർ., അനിൽകുമാർ, നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.നിമേഷ് കെ.എസ്., പ്രശോഭ് കെ.വി., ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ. എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.