ലക്‌നൗ: യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ചിലപ്പോള്‍ സിനിമകളെ പോലും വെല്ലുന്നവയായിരിക്കും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഒരു കല്യാണമാണ് ഇത്തരത്തില്‍ സിനിമാക്കഥകളെ പോലും അമ്പരപ്പിച്ചത്. വരന്‍ യുവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ ശേഷം, വധൂവരന്മാര്‍ മാലകള്‍ കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് കല്യാണ വേദിയെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്.
കാണികള്‍ക്കിടയില്‍ നിന്നിരുന്ന യുവാവ് മുഖം മറച്ച് വേദിയില്‍ കടന്നെത്തി യുവതിയെ സിന്ദൂരം അണിയിക്കുകയായിരുന്നു. യുവതിയുടെ മുന്‍കാമുകനാണ് ഇതെന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയുമായിരുന്നു. ഗോരഖ്പൂരിലെ ബുധത്തിലെ ഹാര്‍പൂരില്‍ ആണ് സംഭവം നടന്നത്. ഡിസംബര്‍ 1 നായിരുന്നു വിവാഹം.
വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി, ശേഷം വരണമാല്യം പരസ്പരം അണിയുന്ന ചടങ്ങെത്തിയപ്പോഴായിരുന്നു മുന്‍കാമുകന്റെ അപ്രതീക്ഷിത എന്‍ട്രി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി നഗരത്തിന് പുറത്ത് പോയപ്പോഴാണ് യുവതി യുവാവുമായി അടുത്തത്. പ്രണയം വീട്ടില്‍ പറയാന്‍ തീരുമാനിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.
ഇതോടെ, പ്രണയം അവസാനിപ്പിച്ച് മറ്റ് വഴികളില്ലാതെ യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കാമുകന്റെ അപ്രതീക്ഷിത എന്‍ട്രിയില്‍ യുവതിയും അമ്പരന്നു. യുവാവിന്റെ പ്രവൃത്തിയില്‍ പ്രകോപിതരായ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങി. വധുവിനെ വരന്‍ വീണ്ടും പിറ്റേ ദിവസം വിവാഹം ചെയ്തു.