ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക്! സത്താരയിലെ ഇ.വി.എം മെഷീന്‍ വിവാദത്തില്‍
മുംബൈ: വോട്ടിംഗ് മെഷീനിലെ ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബിജെപിക്ക്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താരയിലാണു സംഭവം. ചൊവ്വാഴ്ച മഹാരാഷ്ട്ര ടൈംസാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് കൊറേഗാവ് മണ്ഡലത്തിലെ നാവ്‌ലെവാഡി ഗ്രാമത്തില്‍നിന്നുള്ള വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ല. ഇതോടെ വോട്ടര്‍മാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്നു പോലീസ് ഇടപെട്ടു വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് എല്ലാ വോട്ടുകളും പോയതു ബിജെപിക്കാണെന്നു വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചു. അപ്പോഴേക്കും 293 പേര്‍ വോട്ട് രേഖപ്പെടുത്തി പോയിരുന്നു. തുടര്‍ന്ന് പോളിംഗ് ബൂത്തിലെ മുഴുവന്‍ ഇവിഎമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്ത് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സത്താരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്‍സിപി നേതാവ് ഉദയന്‍രാജെ ഭോസ്ലെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.