കൊച്ചി:പ്രേമലു റിലീസാകുന്നതിന് മുമ്പ് ഈ അടുത്ത് ഒന്നും ഒരു മലയാളം പടം കണ്ടിട്ട് ഇത്രയേറെ മലയാളി ചിരിച്ചിട്ടുണ്ടാവില്ല. സിറ്റുവേഷൻ കോമഡികൾ കൊണ്ട് ഒരു കിടിലൻ റൈഡ് തന്നെയാണ് സിനിമാപ്രേമികൾക്കായി ഗിരീഷ് എഡി പ്രേമലുകൊണ്ട് തീർത്തത്. നായകനായി നസ്ലിനും നായികയായി മമിത ബൈജുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള മമിതയുടെ പ്രകടനങ്ങൾക്കാണ് ഏറെയും കയ്യടികൾ വീണത്. നായകനും നായികയും മാത്രമല്ല സഹനടി നടന്മാരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ഗിരീഷ് എഡിയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ വളരെ കളർഫുള്ളായിരുന്നു പ്രേമലു. പ്രേമലു വൻ വിജയമായതോടെ ഇതുവരെ സഹനടി വേഷങ്ങളിൽ തിളങ്ങിയിരുന്ന മമിത ബൈജു നായികയായി ഉയർന്നിരിക്കുകയാണ്. സഹനടിയായി തിളങ്ങിയിരുന്നപ്പോൾ തന്നെ മമിതയ്ക്ക് ഒരു വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.
ഗിരീഷ് എഡിയുടെ തന്നെ സൂപ്പർ ശരണ്യ അടക്കമുള്ള സിനിമകളാണ് സഹനടിയായി അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ മമിതയ്ക്ക് സ്വീകാര്യത ലഭിക്കാനുണ്ടായ കാരണം. 2017ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന സിനിമ മുതലാണ് മമിത സിനിമയിൽ മുഖം കാണിച്ച് തുടങ്ങിയത്.
പിന്നീട് ഹണി ബീ 2 സെലിബ്രേഷൻ, ഡാകിനി, കൃഷ്ണം, വരത്തൻ, വികൃതി, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് തുടങ്ങിയ സിനിമകളിലും മമിത അഭിനയിച്ചു. ഓപ്പറേഷന്‍ ജാവ, ഖൊ ഖൊ, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം, രാമചന്ദ്രൻ ബോസ് ആന്റ് കോ എന്നീ ചിത്രങ്ങളിലാണ് പക്ഷെ മുഴുനീള വേഷങ്ങൾ മമിതയ്ക്ക് ലഭിച്ചത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയാണ് മമിത.
സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ മമിത പ്രേമലുവിന്റെ വിജയത്തിനുശേഷം ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ. സ്വപ്നത്തിൽപ്പോലും താൻ നായികയാകുന്ന സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് മമിത പറയുന്നത്. ‘സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത കുടുംബാന്തരീക്ഷത്തിൽ വളർന്നയാളാണ് ഞാൻ.’
‘കുട്ടിക്കാലം തൊട്ടെ സിനിമ എന്ന മീഡിയത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. എന്നാൽ അന്ന് സ്വപ്നത്തിൽപ്പോലും ഞാൻ നായികയാകുന്ന ഒരു സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് പിന്നീട് സിനിമയിലേക്ക് എത്തിയത്. ഒരുപിടി നല്ല കഥാപാത്രങ്ങൾ തേടിയെത്തി.’
‘പ്രേമലുവിൽ അഭിനയിക്കാൻ വിളിച്ചപ്പോഴും അതിന്റെ റിലീസിന് കാത്തിരുന്നപ്പോഴും ഇതുവരെ ഇല്ലാത്ത എക്സൈറ്റ്മെന്റും ടെൻഷനുമുണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളെല്ലാം റീനു എന്ന കഥാപാത്രം എന്നെ വിശ്വസിച്ചേൽപ്പിച്ച സംവിധായകൻ ഗിരീഷേട്ടനും ടീം പ്രേമലുവിനുമുള്ളതാണ്.’
‘വളരെ പക്വതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന വളരെ ബോൾഡായിട്ടുള്ള പെൺകുട്ടിയാണ് പ്രേമലുവിലെ റീനു. പ്രേമലുവിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഗിരീഷേട്ടൻ പറഞ്ഞത് നീയെങ്ങനെയാണോ അങ്ങനെത്തന്നെ അഭിനയിച്ചാൽ മതിയെന്നാണ്. ആ നിർദേശം നല്ല കോൺഫിഡൻസ് നൽകി. സൂപ്പർ ശരണ്യയിൽ ഇതേ ടീമിനൊപ്പം പ്രവർത്തിച്ചതിനാൽ ആദ്യദിനം മുതൽ കംഫർട്ടബിളായി അഭിനയിക്കാൻ സാധിച്ചു.’
‘സിനിമ കണ്ടവരെല്ലാം അവരുടെ വീട്ടിലെ കുട്ടിയെപ്പോലെ അടുത്ത കൂട്ടുകാരിയെപ്പോലെയെല്ലാം റീനുവിനെ കണക്ട് ചെയ്യാൻ പറ്റുന്നുവെന്ന് പറയുന്നു. അഭിനേത്രി എന്ന നിലയിൽ അത്തരം അഭിപ്രായങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം നൽകും. ജി.വി പ്രകാശ് നായകനാകുന്ന റിബൽ എന്ന സിനിമയിലൂടെയാണ് തമിഴിൽ അരങ്ങേറുന്നത്.’
‘വൈകാതെ ചിത്രം തിയേറ്ററിലെത്തും. ഇതിനുമുമ്പ് തമിഴിൽ സൂര്യ സാറിനൊപ്പം ഒരു സിനിമ ചെയ്തെങ്കിലും അത് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. റിബൽ നല്ലൊരു എൻട്രി തമിഴിൽ നൽകുമെന്നാണ് പ്രതീക്ഷ’, എന്നാണ് മമിത ബൈജു അഭിമുഖത്തിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.