ഏറ്റുമാനൂർ:എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രസ്സ്. കോട്ടയം കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നതിനാൽ പാലരുവി സർവീസ് തുടങ്ങിയ കാലം മുതൽ നിറയെ പ്രതിഷേധങ്ങളിൽ ഇടം പിടിച്ചിരുന്നു. ജനപ്രതിനിധികൾ അടക്കം നിരവധിയാളുകളെ നേരിൽ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.
ജനറൽ കൗൺസിൽ മെമ്പറും കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള കൊച്ചിൻ ഷിപ്പ് യാർഡ് ഡയറകടറും ബിജെപി കേന്ദ്ര ഘടകത്തിൽ ശക്തമായ സാന്നിധ്യവുമായ ബി. രാധാകൃഷ്ണമേനോനുമായി കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓൺ റെയിൽസ്ന്റെ ഏറ്റുമാനൂർ അംഗങ്ങൾ രാവിലെ കൂടിക്കാഴ്ച നടത്തുകയും പാലരുവിയുടെ സ്റ്റോപ്പേജ് സംബന്ധിച്ച് ആവശ്യം അറിയിക്കുയും ചെയ്തു. അദ്ദേഹം തത്സമയം റെയിൽവേ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും സാങ്കേതിക തടസ്സങ്ങളെക്കുറിച്ച് ആരായുകയും ചെയ്തു. പ്രതിസന്ധികൾ ഒന്നും തന്നെയില്ലെന്നും യാത്രാക്കാരുടെ ആവശ്യം തീർത്തും ന്യായമാണെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ പതിവായി നടക്കുന്ന റെയിൽവേയുടെ സമയപരിഷ്കരണത്തിലോ അതിന് മുമ്പായോ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ചങ്ങനാശ്ശേരി സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം കേരളത്തിലെ ബിജെപിയുടെ സ്വീകര്യനായ നേതാക്കളിൽ ഒരാളാണ്. ന്യായമായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ശക്തമായ നിലപാടാണ് ഏറ്റുമാനൂരിലെ യാത്രക്കാരെ ചങ്ങനാശ്ശേരിയിൽ എത്തിച്ചത്.
ഇരട്ടപ്പാളവും ഗതാഗത യോഗ്യമായ നാല് പ്ലാറ്റ് ഫോം അടക്കം വിപ്ലവാത്മകരമായ നേട്ടം ഏറ്റുമാനൂർ സ്റ്റേഷൻ കൈവരിച്ചെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ജൂൺ 30 വരെ റെയിൽവേ ജീവനക്കാർക്ക് വേണ്ടി തത്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നു. യാതൊരുവിധ അറിയിപ്പും യാത്രക്കാർക്ക് നൽകാതെ സ്റ്റോപ്പ് അനുവദിച്ചതിനാൽ പലർക്കും യാത്രചെയ്യാൻ സാധിക്കാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
രാവിലെ 08 32 ന് തൃപ്പൂണിത്തറയിൽ എത്തുന്ന പാലരുവിയുടെ എറണാകുളം സമയം 09 15 ആണ്. 10 മിനിറ്റ് കൊണ്ട് സഞ്ചരിക്കാവുന്ന ദൂരത്തിന് 45 മിനിറ്റാണ് നൽകിയിരിക്കുന്നത്. അതുപോലെ വൈകുന്നേരം കൃത്യസമയത്തിനും 15 മിനിറ്റ് മുമ്പ് കോട്ടയം സ്റ്റേഷന്റെ ഔട്ടറുകളിൽ സിഗ്നൽ കാത്തുകിടക്കുന്നതും സ്ഥിരം സംഭവമാണ്. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നിലവിലെ സമയക്രമത്തിൽ യാതൊരുമാറ്റവും കൂടാതെ സർവ്വീസ് നടത്താമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് ആരംഭം മുതൽ പാസഞ്ചർ സർവ്വീസ് നിർത്തിയതോടെ ഏറ്റുമാനൂരിലെ യാത്രക്കാർ കൂടുതൽ ദുരിതത്തിലാവുകയായിരുന്നു. ആകെയുള്ള വേണാട് എറണാകുളത്ത് എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും . കോവിഡ് അനന്തരം പകുതി ശമ്പളമാണ് ഇപ്പോൾ പല കമ്പനികളും ജീവനക്കാർക്ക് നൽകി വരുന്നത്. അതിന് പുറമേ പഞ്ചിങ് അടിസ്ഥാനത്തിൽ മാസാവസാനം നല്ലൊരു തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്.
ശരിയായ ഗതാഗത സംവിധാനം ഇല്ലാതെ സ്ത്രീകളടക്കം നിരവധിയാളുകടെ ജോലി നഷ്ടമായി. ദിവസവും ഇരുചക്രവാഹനത്തിൽ പോയിവരികയെന്നത് സാമ്പത്തികമായും മാനസികമായും യാത്രക്കാരെ തളർത്തുകയാണ്. സമീപ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇപ്പോൾ യാത്രചെയ്യുന്നവരിൽ ഏറിയ പങ്കും ഏറ്റുമാനൂരിൽ നിന്നുള്ളവരാണെന്നതും ഏറെ ശ്രദ്ധേയമാണ്.
പാലാ, അയർക്കുന്നം, പേരൂർ, നീണ്ടൂർ, ആർപ്പുക്കര എന്നിവടങ്ങളിൽ നിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുമെന്നതാണ് ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രത്യേകത. കൂടാതെ എം ജി യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, കാരിതാസ്, ഐ. സി. എച്. ഐടിഐ, അങ്ങനെ കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ അർദ്ധ സർക്കാർ സ്ഥാപങ്ങളോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ