കൊച്ചി: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതി വിമർശനം. തന്നെ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ ഷിയാസിനെ വിമർശിച്ചത്.
പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ആരാഞ്ഞു. അതിന് കേസ് എടുക്കരുതെന്ന് പറയാൻ കഴിയുമോ? മോർച്ചറിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്നും കോടതി ആരാഞ്ഞു. തനിക്കെതിരെ 4 കേസുകൾ പൊലീസ് എടുത്തിട്ടുണ്ടെന്ന് ഷിയാസ് കോടതിയിൽ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണണിക്കും.
വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായത് എന്നും ജനരോഷം ശക്തമായപ്പോൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ എന്ന നിലയ്ക്കാണ് ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നൽകിയത് എന്നും ഷിയാസ് ഹർജിയിൽ പറഞ്ഞിരുന്നു.
ജനകീയ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് പൊലീസിൽ നിന്നുണ്ടാകുന്നതെന്നും ഇത് രാഷ്ട്രീയ സമ്മർദത്തിന്റെ ഫലമാണെന്ന് സംശയിക്കുന്നതായും ഷിയാസ് പറഞ്ഞു.