തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് അന്വേഷണം കോടിയേരി ബാലകൃഷ്ണെന്റ ഭാര്യ വിനോദിനിയിലേക്കും. വിനോദിനി ആറുവര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിച്ചതിൽ പലതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി.
കൂടുതല്‍ വിവരം ശേഖരിച്ചശേഷം വിനോദിനിയെയും ചോദ്യംചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായാണ് ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, സുഹൃത്ത് അരുണ്‍, ഡ്രൈവര്‍ അനിക്കുട്ടന് എന്നിവരെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.
ബിനീഷിന്റെ യും ബിനോയിയുടെയും സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വിനോദിനിക്കായിരുന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇരുവരുടെയും അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കുന്നതിന് പകരം തന്റെ വിശ്വസ്തരുടെ അക്കൗണ്ടുകളിലാണ് വിനോദിനി പണം നിക്ഷേപിച്ചിരുന്നത്. ആറുവര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ വിനോദിനി നടത്തിയിട്ടുണ്ട്. ബിനീഷിന്റെ ഉറ്റസുഹൃത്തും ഡ്രൈവറുമായ സുനില്‍കുമാറിന്റെ പേരിലുള്ള ആഢംബര കാറുകള്‍ ഇത്തരത്തില്‍ വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നോട്ട് നിരോധന കാലത്ത്, മൂത്തമകന് ബിനോയ് വാങ്ങിയ ബെന്‍സ് കാറിന്റെ ലോണ്‍ 38 ലക്ഷം അടച്ച് വിനോദിനി ക്ലോസ് ചെയ്തിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തിരുവനന്തപുരം ആയുര്‍വേദ കോളജ് ജങ്ഷനിലെ ബ്രാഞ്ചില്‍നിന്ന് 72ലക്ഷം വായ്പയെടുത്താണ് 2014ല്‍ ബിനോയ് ആഢംബര കാര്‍ വാങ്ങിയത്. 2017ല്‍ കാറിന്റെ ഇ.എം.ഐ മുടങ്ങിയതോടെ 38 ലക്ഷം വിനോദിനി അടച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, മുന്‍ മന്ത്രി എന്നതിനപ്പുറം മറ്റ് തൊഴിലുകളോ ബിസിനസോ ഭൂമിയില്‍ നിന്നുള്ള വരുമാനമോ കോടിയേരി ബാലകൃഷ്ണനില്ല. രണ്ട് ആണ്മക്കളും തൊഴില്‍രഹിതരാണെന്നാണ് കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയത്. അപ്പോള്‍ ഇത്രയും പണം വിനോദിനി ബാലകൃഷ്ണന് എവിടെനിന്ന് ലഭിച്ചു എന്ന ചോദ്യമാണ് ഇ.ഡിക്കുള്ളത്.