ഡല്‍ഹാം: ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട ആതിഥേയരായ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചായിരുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ച മോര്‍ഗന്‍ പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. സെഞ്ചുറിയുമായി ജോണി ബെയര്‍സ്‌റ്റോം ഇത്തവണയും ഇംഗ്ലീഷുകാരുടെ രക്ഷകനായി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 45 ഓവറില്‍ 186 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയ മാര്‍ക്ക് വുഡാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്.
കിവീസ് നിരയില്‍ 57 റണ്‍സെടുത്ത ടോം ലാഥമാണ് ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (8), ഹെന്റി നിക്കോളാസ് (0), കെയ്ന്‍ വില്യംസണ്‍ (27), റോസ് ടെയ്ലര്‍ (28), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (3), മിച്ചല്‍ സാന്റ്നര്‍ (12), മാറ്റ് ഹെന്റി (7), ട്രന്റ് ബോള്‍ട്ട് (4) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ സ്‌കോറുകള്‍. ടിം സൗത്തി (7) പുറത്താവാതെ നിന്നു.
ജോണി ബെയര്‍സ്റ്റോയുടെ (106) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്. ബെയര്‍സ്റ്റോയ്ക്ക് പുറമെ ജേസണ്‍ റോയ് 60 റണ്‍സ് നേടി. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ (41) മാത്രമാണ് തിളങ്ങിയത്.
ജോ റൂട്ട് (24), ജോസ് ബട്ലര്‍ (11), ബെന്‍ സ്റ്റോക്സ് (11), ക്രിസ് വോക്സ് (4), ആദില്‍ റഷീദ് (16) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ലിയാം പ്ലങ്കറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒമ്പത് മത്സരങ്ങളില്‍ പ്രാഥമിക റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ് ഇത്രയും മത്സരങ്ങളില്‍ 11 പോയിന്റുള്ള കിവീസ് നാലാമതാണ്.ഓസ്‌ട്രേലിയയും ഇന്ത്യയും നേരത്തെ സെമി യോഗ്യത നേടിയിരുന്നു.