ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ കോൺഗ്രസ് നാളെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരോടും ദില്ലിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകി.
ഇതോടെ കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24, 25 തീയതികളില്‍ കോഴിക്കോട് നടത്താനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചു. ഇക്കാര്യം കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം.
അഞ്ചാമത്തെ ദിവസമാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിന് മുൻപാണ് നാളെയും ചോദ്യം ചെയ്യുമെന്ന വിവരം അറിയിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്.