തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ഭീതി പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത്. സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കൂടാതെ മദ്രസകളും അങ്കണവാടികളും എല്ലാ കോളേജുകളും അടച്ചിടണമെന്നും സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവക്കും.
ആളുകള്‍ എത്തുന്ന ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം നടത്തുന്നത്. മറ്റു മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിര്‍ദേശം നല്‍കുന്നത്. മാത്രമല്ല ആളുകള്‍ കൂടുന്ന വിവാഹങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം നാടിനെ ഏറ്റവും വലിയ അപകടത്തില്‍ എത്തിക്കും. അതിനാല്‍ രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും സിനിമാ ശാലകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.