സന്‍ഫ്രാന്‍സിസ്കോ: പാപ്പരായി പോകാതിരിക്കാന്‍ ട്വിറ്ററിന് വേണ്ടി ഒറ്റമൂലികള്‍ അവതരിപ്പിക്കുകയാണ് ട്വിറ്ററിന്‍റെ പുതിയ ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഉടമയായ ഇലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. താന്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് വന്ന ചിലവുകള്‍ക്കായി കമ്പനി കൊടുത്തു തീര്‍ക്കേണ്ട ദശലക്ഷക്കണക്കിന് ഡോളര്‍ ബില്ലുകള്‍ അടക്കേണ്ടതില്ല എന്നാണ് മസ്കിന്‍റെ തീരുമാനം.
ട്വിറ്ററില്‍ നിന്നും പുറത്തുപോയ മുതിര്‍ന്ന ജീവനക്കാര്‍ അടക്കം നടത്തിയ യാത്രകളുടെ ലക്ഷക്കണക്കിന് ഡോളറിന്റെ ട്രാവൽ ഇൻവോയ്‌സുകള്‍ അനുവദിക്കേണ്ടതില്ല എന്നതാണ് സുപ്രധാന തീരുമാനം. യാത്രകള്‍ ബുക്ക് ചെയ്ത ട്രാവല്‍ എജന്‍സികള്‍ക്കും മറ്റും പണം നൽകാൻ മസ്കിന്‍റെ ട്വിറ്റര്‍ വിസമ്മതിക്കുകയാണെന്ന് പഴയതും ഇപ്പോഴുമുള്ളതുമായ ട്വിറ്റര്‍ ജീവനക്കാരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വിറ്റർ ജീവനക്കാർ ട്രാവല്‍ ഏജന്‍സികളുടെ കോളുകള്‍ ഒഴിവാക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.
മസ്‌കിന്റെ ചെലവുചുരുക്കൽ മാറ്റങ്ങളുടെ ഭാഗമായി ട്വിറ്ററില്‍ നിന്നും ഏകദേശം 3,700 പേരെ പിരിച്ചുവിടുകയും കമ്പനിയിലെ മറ്റ് ചിലവുകള്‍ സമഗ്രമായ പരിശോധിക്കുകയും ചെയ്യുകയാണ്. ട്വിറ്റർ ജീവനക്കാർക്കുള്ള കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകളും മസ്ക് നിര്‍ത്തിയെന്നാണ് വിവരം.
ട്വിറ്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിട വാടകകള്‍, കമ്പനിയുടെ സാധാരണ ഓഫീസിലെ കഫറ്റീരിയ ഭക്ഷണം എന്നിവയുടെ ചിലവുകള്‍ പോലും മസ്ക് സൂക്ഷ്മപരിശോധന നടത്തുകയാണ് എന്ന് വിവരം. അതെ സമയം ട്വിറ്ററിലെ ഇലോണ്‍ മസ്കിന്‍റെ കടുംവെട്ടുകള്‍ ട്വിറ്ററിനുള്ളില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. പ്രത്യേകിച്ച് ദശലക്ഷക്കണക്കിന് ഡോളർ ബില്ലുകള്‍ തടഞ്ഞുവച്ചത് വലിയ നിയമ പോരാട്ടമായി ട്വിറ്ററിനെ ബാധിച്ചേക്കും എന്നാണ് വിവരം.
44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ഈ മാസം ആദ്യം ട്വിറ്റര്‍ ജീവനക്കാരുമായുള്ള തന്റെ ആദ്യ കോണ്‍ഫ്രന്‍സ് കോളില്‍ ട്വിറ്റർ പാപ്പരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ഇടിഞ്ഞ പരസ്യ വരുമാനം നികത്തുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം വർദ്ധിപ്പിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടാൽ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ ട്വിറ്ററിന് കഴിയില്ലെന്ന് മസ്ക് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.