ഓമല്ലൂർ : ഇടഞ്ഞ ആന പാപ്പാനെ വഹിച്ച് ഓടി. മറ്റൊരു പാപ്പാൻ എത്തിയശേഷം രണ്ടാം പാപ്പാനെ താഴെയിറക്കി. ഇന്നലെ വെളുപ്പിന് നാലരയോടെ ആറ്റരികം വെള്ളംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപമാണു സംഭവം. കൊടുമൺ സ്വദേശിയുടെ ശങ്കരനാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തടിപ്പണിയുമായി ബന്ധപ്പെട്ട് ആന ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തലേന്നു രാത്രി 11 മണിയോടെ വടക്കേൽ അനിയൻകുഞ്ഞിന്റെ പുരയിടത്തിൽ കെട്ടിയിരുന്ന ആനയെ ഇന്നലെ വെളുപ്പിന് അഴിക്കാൻ തുടങ്ങിയപ്പോഴാണ് ഇടഞ്ഞത്.
ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് തട്ടിയെറിഞ്ഞു. അടുത്തുള്ള കുഴിയിലേക്കു വീണതിനാൽ ഇയാൾക്ക് ഓടിമാറാൻ കഴിഞ്ഞു. ആന പിൻതുടർന്നെങ്കിലും സമീപത്തെ വീടിനു പിന്നിൽ മറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പാപ്പാൻ എത്തുന്നതുവരെ ആന രണ്ടാം പാപ്പാനെ താഴെയിറക്കിയില്ല. സ്ഥലത്ത് എത്തിയ പാപ്പാൻ അനുനയിപ്പിച്ച് സമീപത്തുള്ള റബർ പുരയിടത്തിൽ എത്തിച്ചെങ്കിലും അവിടെ ഒന്നാം പാപ്പാനെ കണ്ടതോടെ വീണ്ടും ദേഷ്യത്തിലായ ആന മൂന്നോളം റബർ മരങ്ങൾ കുത്തിമറിച്ചു.
രണ്ടാം പാപ്പാൻ ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ഒന്നാം പാപ്പാൻ അകന്നതോടെ ശാന്തനായ ആനയെ തളച്ചതിനുശേഷമാണ് രണ്ടാം പാപ്പാനെ നാലു മണിക്കൂറിനു ശേഷം ആനപ്പുറത്തു നിന്ന് ഇറങ്ങാൻ കഴിഞ്ഞത്. ഓമല്ലൂർ മാർക്കറ്റ്–മുള്ളനിക്കാട് റോഡിൽ ഒരു കിലോമീറ്ററോളം ആന പോയെങ്കിലും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല. ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ പലരും കടന്നുപോയെങ്കിലും ആക്രമണത്തിനു മുതിർന്നില്ല. ദേവീക്ഷേത്രം മേൽശാന്തി അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസും കോന്നി ഡിഎഫ്ഒയുടെ നിർദേശപ്രകാരം വനം വകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.