.തിരുവനന്തപുരം:ഇടുക്കി മൂന്നാറിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം- വന്യജീവി വകുപ്പുമന്ത്രിയുടെ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാറിലെ സംഭവം വയനാട്ടിലേത് പോലെ തന്നെ ഗൗരവപൂര്‍വ്വമായാണ് കാണുന്നതെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
മൂന്നാര്‍ പ്രദേശത്തും എസ്റ്റേറ്റിനോട് ചേര്‍ന്നും ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങള്‍ക്ക് അതത് സമയങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നതിനും പ്രദേശത്ത് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, നിരീക്ഷണം ശക്തിപ്പെടുത്തുന്നത്, മൂന്നാറിലെ മാലിന്യ സംസ്‌കരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കാട്ടാന ആക്രമണത്തില്‍ ഇന്നലെ മരണപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയതായി മന്ത്രി അറിയിച്ചു. യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ കൈകൊണ്ടു:-I. നിരീക്ഷണം ശക്തിപ്പെടുത്തും 1. ഇതിനായി എ.ഐ ക്യാമറകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കും 2. ആര്‍.ആര്‍.ടി ശക്തിപ്പെടുത്തും 3. ആര്‍.ആര്‍.ടി എണ്ണം വര്‍ദ്ധിപ്പിക്കും, സ്ഥിരം ആര്‍.ആര്‍.ടി രൂപീകരിക്കും 4. കൂടുതല്‍ ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായും എസ്റ്റേറ്റ് ഉടമകളുമായും ചര്‍ച്ച നടത്തും5. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും. മൂന്ന് കി.മീറ്റര്‍ വരെയുള്ള ദൂരം ഇപ്രകാരം നൈറ്റ് വിഷന്‍ ഉള്ള ക്യാമറയോട് കൂടി പ്രവര്‍ത്തിപ്പിക്കുന്നതാണ്.6. ഏര്‍ളി വാണിംഗ് സിസ്റ്റം കൂടുതല്‍ ഫലപ്രദമാക്കും. തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. 7. പോലീസും വനം വകുപ്പും സംയുക്തമായി നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തും.
II. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ കോര്‍ കമ്മിറ്റി രൂപീകരിക്കും1. ഈ കമ്മിറ്റി രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. 2. നിരീക്ഷണം ശക്തമാക്കുന്നതിനും മൃഗങ്ങളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുന്നതിനും പോലീസ് / ഫോറസ്റ്റ് / റവന്യൂ/ തദ്ദേശസ്വയംഭരണം/ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ എന്നിവരുടെ ഏകോപന സമിതിയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും ആരംഭിക്കുന്നതാണ്.III. കണ്‍ട്രോള്‍ റൂം സ്ഥാപിക്കും
1. ഇത് ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ ജില്ലാ കളക്ടറുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കും2. ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. IV. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്നത് സര്‍ക്കാര്‍തലത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ്.V. മരണപ്പെട്ടയാളുടെ കുടുംബത്തിലെ ഒരംഗത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍താല്‍കാലിക ജോലി നല്‍കും.
ഈ സംഭവത്തെ തുടര്‍ന്ന് ആരംഭിച്ചിട്ടുള്ള വിവിധ സമരപരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ വനം മന്ത്രിയോടൊപ്പം ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, മുഖ്യവനം മേധാവി ഗംഗാ സിംഗ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി. ജയപ്രസാദ്, എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, പ്രമോദ് ജി കൃഷ്ണന്‍, ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് അരുണ്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രസാദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.