ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടു.
ബാറ്ററി പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ എന്ന വിശദീകരണം നൽകി, കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് ‘പ്രൈസ് പ്രോ’ മോഡല്‍ സ്‌കൂട്ടറുകള്‍ ഒകിനാവ തിരികെ വിളിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ച് കമ്പനി പ്രതികരണം നടത്തിയിട്ടില്ല. മാര്‍ച്ചില്‍ വെല്ലൂരിലുണ്ടായ സംഭവത്തിൽ ചാര്‍ജ് ചെയ്യന്നതിനിടെ, ഒകിനാവ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു.
സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതിന് ശേഷം, ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ഷോറൂമില്‍ ഉണ്ടായ അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. അതേസമയം, തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ വിശദമായ പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.