വിവാഹ ക്ഷണക്കത്ത് തപാലില്‍, സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; വിവാഹം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനാകുകയാണ്. അതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? എന്നാല്‍ എല്‍ദോയുടെ വിവാഹത്തിന് മറ്റുള്ളവരില്‍ നിന്ന് ധാരാളം വ്യത്യാസങ്ങളുണ്ട്. കല്യാണ ക്ഷണം മുതല്‍ വൈകിട്ടത്തെ സല്‍ക്കാരം വരെ തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം എല്‍ദോ ക്ഷണക്കത്ത് അയക്കുന്നത് തപാലിലാണ്. ജനുവരി 12നാണ് എല്‍ദോയുടെ വിവാഹം.
എറണാകുളം കല്ലൂര്‍ക്കാട് സ്വദേശി ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നല്‍കി എല്‍ദോയെ വിളിച്ച 4,800 പേര്‍ക്ക് തപാലിലൂടെ ക്ഷണമെത്തും. സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളില്‍ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വക്കാന്‍ തുടങ്ങിയത്.
ക്ഷണക്കത്ത് നല്‍കാവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് വൈകീട്ട് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനത്ത് വിരുന്ന് സല്‍ക്കാരം.
കമ്മ്യൂണിസ്റ്റുകാരനായതില്‍ എല്ലാം ലളിതമെന്ന് എല്‍ദോ. സല്‍ക്കാരത്തിന് വിഭവങ്ങള്‍ ദോശയും ചമ്മന്തിയും ചായയും. മന്ത്രിമാരടക്കമുള്ളവര്‍ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാല്‍ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എല്‍ദോയുടെ കണക്കുകൂട്ടല്‍.