കൊച്ചി:ഷെഫീക്കിന്റെ സന്തോഷം സിനിമയെക്കുറിച്ചും ഉണ്ണി മുകുന്ദനെക്കുറിച്ചുമുള്ള ബാലയുട പ്രസ്താവന ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ മനോഹരമായ അനുഭവമാണ് ഷഫീക്കിന്റെ സന്തോഷം സമ്മാനിച്ചതെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച എല്‍ദോ ഐസക്ക് പറയുന്നു. ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണം എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്.
ആരെയും തേജോവധം ചെയ്യാനോ തരംതാഴ്ത്തിക്കാണിക്കാനോ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് എല്‍ദോ ഇതേക്കുറിച്ച് പ്രതികരിച്ചത്.
നമസ്കാരം, കുറച്ചു മണിക്കൂർകളായി ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമയുമായി ബദ്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന എന്റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല.
എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻവേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല.
സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ആയതിനാൽ തന്നെ ഈ സിനിമയുടെ മുന്നണിയിൽ പ്രവർത്തിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരും എന്റെ അടുത്ത സ്നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.
30 ദിവസം കേരളത്തിൽ ഷൂട്ട് പ്ലാൻ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ 21 ദിവസം കൊണ്ട് ഞങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്റെ മുൻ സിനിമകളും ഇത്തരത്തിൽ തന്നെ ഷെഡ്യൂൾ പ്ലാൻ ചെയ്ത ദിവസങ്ങൾക്കു മുൻപ് തീർത്തിട്ടുള്ളതാണ്. മുൻപും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തിൽ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങൾക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവിൽ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്തിട്ടില്ല.
ബാലയുടെ ഇന്റർവ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു കുറിപ്പ്.
ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല, പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.
ഒരു കോടി 25 ലക്ഷം രൂപക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. സംവിധായകന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന്‍ കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല.
ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്‍. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ടെന്നും, മനുഷ്യന്‍ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 25 നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടന്‍ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം.