പൊള്ളാച്ചി:സ്വർണം മോഷ്ടിക്കാൻ വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്ലസ് ടു വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. മകൾ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ പെൺകുട്ടിയെയും പൊലീസ് സമീപിച്ചിരുന്നു.
അതുവഴി യുവാവ് ഓടിപ്പോകുന്നതു കണ്ടതായി വിദ്യാർഥിനി പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സംശയം തോന്നിയ പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ വിദ്യാർഥിനി വീടിനു സമീപം നിൽക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് എസ്പി ബദ്രിനാരായണൻ, ഡിവൈഎസ്പി തമിഴ് മണി എന്നിവരുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർഥിനി കുറ്റം സമ്മതിച്ചു.
സുഹൃത്തുമായുള്ള വിവാഹത്തിനായാണു വയോധികയെ കൊലപ്പെടുത്തി 20 പവൻ മോഷ്ടിച്ചതെന്നു വിദ്യാർഥിനി മൊഴി നൽകി. നാഗലക്ഷ്മിയുടെ മകൻ ജോലിക്കു പോയ സമയം നോക്കി വീടിനുള്ളിൽ കയറിയ വിദ്യാർഥിനി കൊലപാതകശേഷം മാല, വള, മൂക്കുത്തി ഉൾപ്പെടെ കൈക്കലാക്കി കടന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നു പൊലീസ് പറഞ്ഞു.
ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും പോലീസ് പിടിയിൽ. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസിനെയും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇരുവർക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി സിജു.കെ.ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും, ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്. ഇരുവരും ചേർന്ന് , തന്നെ ചതിച്ച് തന്റെ പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ഭാര്യ നൽകിയ പരാതി.
കേസ് രജിസ്റ്റർ ചെയ്ത ശേഷംപ്രതികൾ നേപ്പാളിലേക്ക് ഒളിവിൽ പോയി. ഒടുവിൽ തിരികെ ഡൽഹി എയർ പോർട്ടിലെത്തിയ പ്രതികളെ ലുക്ക് ഔട്ട് സർക്കുലറിന്റെയടിസ്ഥാനത്തിൽ ഡൽഹി എയർ പോർട്ടിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു.
ഇതിന് പിന്നാലെയാണ് കായംകുളം പോലീസെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് ഐപിഎസിന്‍റെ നേതൃത്വത്തിൽ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.