കോട്ടയം: ജില്ലാ യുഡിഎഫ് ചെയർമാനായി കേരള കോൺഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു. സജി മഞ്ഞക്കടമ്പിൽ രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. ആഗസ്തിയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോൺഗ്രസ് അറിയിക്കുകയായിരുന്നു. തുടർന്നാണു ജില്ലാ നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിലാണ് യുഡിഎഫ് നേതൃയോഗം ചേർന്നത്. 25 വർഷം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായിരുന്ന ആഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. ആഗസ്തി നേരത്തേയും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.
ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിന് നൽകിയിട്ടുള്ളതാണെന്നും പാർട്ടി ചെയർമാന്റെ തീരുമാനം മറ്റു കക്ഷികൾ അംഗീകരിക്കുകയായിരുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. സജിയുടെ രാജി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിക്കില്ല. സജി മടങ്ങിവന്നാൽ ബാക്കി ആലോചിക്കാമെന്നും യുദ്ധഭൂമിയിൽനിന്ന് ഒരാൾ പോയാൽ ഒന്നും സംഭവിക്കില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണു യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പിൽ രാജിവച്ചത്. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി പറഞ്ഞു.