തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് എട്ടുപേര്‍. സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകള്‍ പെരുകിയത്.
ലോക്ക് ഡൗണ്‍ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടര്‍ച്ചയായ ആത്മഹത്യകള്‍ക്ക് പിന്നിലെ ഒന്നാമത്തെ കാരണം. ജൂണ്‍ 21 ന് തിരുവന്തപുരം നന്തന്‍കോടായിരുന്നു ആദ്യ മരണം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരെ നന്ദന്‍ കോട്ടെ വാടക വീട്ടില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചാലയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്ന മനോജ് കുമാറിന്റെയും കുടുംബത്തിന്റെയും മരണകാരണം കൊവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകള്‍ ആയിരിന്നു. വാഹനവായ്പ മുടങ്ങിയപ്പോള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയാണ് ഏലം കര്‍ഷകനായ സന്തോഷിന്റെ ജീവനെടുത്തത്.
ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറ സ്വദേശി ഈ മാസം ഒന്നിന് തൂങ്ങിമരിക്കുകയായിരുന്നു. നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.
തൊട്ടടുത്ത ദിവസം തിരുവനന്തപുരം ഗൗരീശപട്ടം മായാ ലൈറ്റ് ആന്റ് സൗണ്ട് സ് ഉടമ മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനും തൂങ്ങി മരിച്ചു. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നു. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കല്ലമ്പലം ചേന്നന്‍ കോട് പടത്തിപ്പാറയിലെ കോഴിക്കടയിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 17 ന് പാലക്കാട് വെണ്ണക്കര പൊന്നു മണി ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പൊന്നു മണി വീടിനു സമീപം കളനാശിനി കഴിച്ച് മരിച്ചു.
ഇന്നലെയായിരുന്നു അടിമാലി ഇരുമ്പുപാലത്തെ ബേക്കറിയുടമയുടെ ആത്മഹത്യ. ഒഴുവത്തടം പുലരിമലയില്‍ വിനോദ് ബേക്കറി തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അമ്പലവയലിലെ ബസുടമയുടെ ആത്മഹത്യ. വരുമാനം നിലച്ചതും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൊക്കെയാണ് ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു മറികടക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.