തൃക്കാക്കര: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കരയിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെയാണിത്.
ബാലറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനായിരിക്കും.
ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോൻ ജോസഫ് ബാലറ്റിൽ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശേരി, മന്മഥൻ, സിപി ദിലീപ് നായർ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.
സ്വതന്ത്ര സ്ഥാനാർത്ഥി ഡോ കെ പദ്മരാജൻ, ടോം കെ ജോർജ്, ജോൺ പെരുവന്താനം, ആർ വേണുകുമാർ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി അജിത് പൊന്നേംകാട്ടിൽ, സിപിഎം ഡമ്മി സ്ഥാനാർത്ഥി എൻ സതീഷ്, ബിജെപി ഡമ്മി സ്ഥാനാർത്ഥി ടിപി സിന്ധുമോൾ, സോനു അഗസ്റ്റിൻ, യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപര സ്ഥാനാർത്ഥി ഉഷ അശോക്, കെകെ അജിത് കുമാർ എന്നിവരുടെ പത്രികകൾ പിൻവലിക്കുകയോ തള്ളപ്പെടുകയോ ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.