കൊച്ചി:സിനിമാ മേഖല ഒട്ടാകെ മാറ്റത്തിന്റെ പാതയിലാണ്. പ്രേക്ഷകർക്ക് സിനിമയോടുള്ള കാഴ്ചപ്പാടും സമീപനവും മാറിയതാണ് കാരണം. ഇന്ന് നല്ല സിനിമയേത് മോശം സിനിമയേത് എന്നത് കൃത്യമായി മനസിലാക്കിയാണ് പ്രേക്ഷകർ അഭിപ്രായം പറയുന്നത് പോലും.
ഒരു മീഡിയയ്ക്കും സിനിമാ പ്രവർത്തകർക്കും പ്രേക്ഷകരെ നല്ല സിനിമ ചെയ്തിട്ടല്ലാതെ വെറും വാക്ക് പറഞ്ഞ് സ്വാധീനിക്കാനാവില്ല. ക്ലീഷെ കഥകൾ പറയുന്ന സിനിമകൾ എത്ര കോടി മുടക്കി നിർമിച്ചാലും പ്രേക്ഷകർ ചിലപ്പോൾ തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ല.
മലയാളി പ്രേക്ഷകർ വളരെ നന്നായി ട്രെയിലർ അടക്കം വീക്ഷിച്ച ശേഷമാണ് സിനിമ കാണാൻ ടിക്കറ്റെടുക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്സിനെ കുറിച്ച് നടൻ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചുവെന്നും സിനിമ മൊത്തം നെഗറ്റീവാണെന്നുമാണ് ഇടവേള ബാബു കുറ്റപ്പെടുത്തിയത്.
പഴയ ചിന്താഗതിയിൽ കടിച്ച് തൂങ്ങി നിൽക്കുന്നത് കൊണ്ടാണ് ഇടവേള ബാബുവിന് മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്തത് എന്നാണ് പ്രേക്ഷകർ ഇടവേള ബാബുവിനെ വിമർശിച്ച് പറഞ്ഞത്. അമ്മയുടെ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിനെ ഇപ്പോൾ എയറിൽ നിർത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.
അതേസമയം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് ഇടവേള ബാബു എങ്ങനെ എത്തി എന്നതിനെ കുറിച്ച് നടനും മിമിക്രി ആർടിസ്റ്റുമായ ടിനി ടോം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങിൽ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.
ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കൽ പറഞ്ഞതെന്നും ടിനി ടോം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് ടിനി ടോം പറഞ്ഞു.
ഇതേ ചർച്ചയിൽ ഇടവേള ബാബുവിന് ആ കസേര കിട്ടാൻ ചില പൊളിറ്റിക്സ് താൻ കളിച്ചിട്ടിട്ടുണ്ടെന്ന് നടൻ ഗണേഷ് കുമാറും പറയുന്നുണ്ട്. ‘ഓരോരുത്തർക്ക് ഓരോ ലക്ഷ്യമാണ്. ചിലർക്ക് സിനിമയിൽ വരണമെന്നാണ് ആഗ്രഹം.’
‘ബാബു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്. പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇടവേള ബാബു എന്നോട് പറഞ്ഞിട്ടുണ്ട്.’
‘അന്ന് അദ്ദേഹം എടുത്ത ശപഥമാണ് അദ്ദേഹം ഇരിക്കുന്ന സീറ്റിൽ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു എന്നായിരുന്നു’ ടിനി ടോം പറഞ്ഞത്. ലക്ഷ്യം നമ്മൾ നേടിക്കൊടുത്തതാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.
അമ്മയിൽ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാൻ ഒരു സെക്കന്റിൽ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയിൽ. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയിൽ കൊടുത്തു. അങ്ങനെയാണ് അമ്മയുടെ സെക്രട്ടറിയാക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ മറുപടി.
‘എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു’ ഇതോടെ ഇടവേള ബാബു പറഞ്ഞത്.
അമ്മയുടെ സെക്രട്ടറിയായതോടെ ഇടവേള ബാബുവിനെ ചാനലുകാർ പോലും പരിപാടിക്ക് വിളിക്കാതെയായെന്നും ചാനൽകാരോട് അമ്മയുടെ പ്രോഗ്രാമിന്റെ പൈസ ചോദിച്ചതിന്റെ പേരിലാണ് അതെന്നും ഗണേഷ് കുമാർ പറഞ്ഞു.