NationalNews

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രചാരണ പ്രസംഗങ്ങളുടെ പേരില്‍ നടപടിയെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജനങ്ങള്‍ ‘ഇന്‍ഡ്യ’ ബ്ലോക്കിന് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്ന കെജ്‌രിവാളിൻ്റെ പ്രസംഗത്തിനെതിരെയാണ് ഇഡി കോടതിയെ സമീപിച്ചത്.

‘ജൂണ്‍ രണ്ടിന് എനിക്ക് വീണ്ടും ജയിലിലേക്ക് പോകണം. ജൂണ്‍ നാലിന് ഞാന്‍ ജയിലില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം കാണും. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് ‘ഇന്‍ഡ്യ’ മുന്നണിയെ വിജയിപ്പിക്കുകയാണെങ്കില്‍, ഞാന്‍ ജൂണ്‍ അഞ്ചിന് മടങ്ങിവരും.’ എന്നാണ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്.

കെജ്‌രിവാളിൻ്റെ പ്രസംഗം ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും അരവിന്ദ് കെജ്‌രിവാളിന് ഇത് എങ്ങനെ പറയാന്‍ കഴിയുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, കെജ്‌രിവാളിന്റെ പ്രസംഗത്തിലേക്ക് കോടതി കടക്കില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയെ അറിയിച്ചു. കെജ്‌രിവാൾ എപ്പോള്‍ കീഴടങ്ങണമെന്ന് ഞങ്ങളുടെ ഉത്തരവില്‍ വ്യക്തമാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇഡിയെ അറിയിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണ സമയത്ത് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തരുതെന്ന കോടതിയുടെ നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button