ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്തടങ്ങുന്ന വികസിത ഭാരത സന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി വ്യക്തികള്‍ക്ക് അയക്കുന്നത് നിര്‍ത്തണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചിരിക്കെ പെരുമാറ്റച്ചട്ട ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത്.
മാര്‍ച്ച് 16 ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് അയച്ച സന്ദേശങ്ങളാണെന്നും സാങ്കേതിക തകരാറുകള്‍ കാരണമാണ് വൈകി സന്ദേശങ്ങള്‍ ലഭിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇത്തരത്തില്‍ വാട്ടസപ്പ് സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രധാന മന്ത്രിയുടെ കത്തടങ്ങുന്ന വികസിത് ഭാകരത് സംപര്‍ക്ക് സന്ദേശങ്ങളാണ് വ്യക്തികള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് അയച്ചിരിക്കുന്നത്.