ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മജേന സിറ്റിയില്‍ എട്ട് പേരും മമൂജു സിറ്റിയില്‍ 26 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 10 ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്നു.
അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് 15000ത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. മജേന നഗരത്തില്‍ ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ അടിയിലായി. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളെല്ലാം പാടെ തകര്‍ന്നിരിക്കുകയാണ്. 2004ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഒമ്പത് രാജ്യങ്ങളിലായി 2.30 ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു.