FeaturedKeralaNews

പിണറായി വിജയന്‍ ഏകാധിപതിയെന്ന് ഇ.ശ്രീധരൻ,10 ൽ മൂന്നു മാർക്ക് നൽകി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെന്ന് ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരൻ. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്ന് ഇ ശ്രീധരൻ വിമര്‍ശിച്ചു. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളത്. പുറത്തുവന്ന ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണ്. സര്‍ക്കാരിന്‍റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരൻ വിമര്‍ശിച്ചു.

കോടികള്‍ ചിലവിട്ട് പരസ്യം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഇ ശ്രീധരൻ, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ചോദിച്ചു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രതികരണത്തിന് പിന്നാലെയാണ് ഇ ശ്രീധരന്‍റെ സര്‍ക്കാര്‍ വിമര്‍ശനം. ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിർക്കില്ലെന്നും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നുമാണ് ഇ ശ്രീധരന്‍ ഇന്നലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചത്.

കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button