ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ. തന്നെ മോശക്കാരിയാക്കാൻ ജില്ലാ സമ്മേളനത്തിനിടെ ശ്രമം നടന്നതായി ബിജിമോൾ ആരോപിച്ചു. വ്യക്തിഹത്യ ചെയ്യാൻ ജില്ലാ നേതൃത്വം വലിയ ശ്രമം നടത്തി. ഒരു വനിത ജില്ലാ സെക്രട്ടറിയാകുക എന്ന ചരിത്രപരം ആകേണ്ട തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നും ബിജിമോൾ ആരോപിച്ചു. വനിതയായ തന്നെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആകണമെന്ന് പന്ന്യൻ രവീന്ദ്രൻ ആവർത്തിച്ച് അവശ്യപെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ല എന്നും ബിജിമോൾ ആരോപിച്ചു.
ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായി കെ.കെ.ശിവരാമനെതിരെയും ബിജിമോൾ ആഞ്ഞടിച്ചു. ശിവരാമൻ നടത്തിയ ഇടപെടലുകൾ ദൗർഭാഗ്യകരമാണ്. വ്യക്തിഹത്യ ചെയ്യരുതെന്ന് നേതാക്കൾക്ക് പറയാമായിരുന്നു. കയ്യുംകെട്ടി അപവാദ പ്രചാരണങ്ങൾ കേട്ടിരിക്കാൻ കഴിയില്ല എന്നും ബിജിമോൾ പറഞ്ഞു. ജില്ലാ സെക്രട്ടറി ആകാൻ അയോഗ്യത ഉള്ള ആളാണ് താനെന്ന് കരുതുന്നില്ല. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്നവർ തിരിച്ചു പോയത് ആരും ചർച്ച ചെയ്യുന്നില്ല.സ്ത്രീകൾക്ക് അർഹമായ പ്രതിനിധ്യം കിട്ടാൻ പോരാട്ടം തുടരുമെന്നും ബിജിമോൾ പറഞ്ഞു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ വിമർശമനം ഉന്നയിച്ച് ബിജിമോൾ രംഗത്തെത്തിയത്. നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ബിജിമോള്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ജെൻഡർ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നാൽ അപമാനിക്കുവാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ…
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്…ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടി പരിശോധിക്കുമെന്ന് ശിവരാമൻ
സിപിഐയില്‍ പുരുഷാധിപത്യമാണെന്ന ഇ.എസ്.ബിജിമോളുടെ വിമർശനം പാർട്ടി പരിശോധിക്കുമെന്ന് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. അതിനു ശേഷം തീരുമാനം എടുക്കും. കാര്യങ്ങൾ വേണ്ട വിധം ആലോചിക്കാതെ ബിജിമോൾ പറഞ്ഞതാണ്. ബിജിമോൾക്ക് എല്ലാം നൽകിയത് പാർട്ടിയാണ്. ആ പാർട്ടിയെ കുറിച്ചാണ് വിമർശനം ഉന്നയിച്ചത്. വനിത ആയത് കൊണ്ടു മാത്രം ജില്ലാ സെക്രട്ടറി ആകാൻ കഴിയില്ല. വിമർശനം ദൗർഭാഗ്യകരമായി പോയി. സ്ത്രീ എന്ന പരിഗണന നൽകിയില്ല എന്നത് ബിജിമോളുടെ തോന്നൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.