ചെന്നൈ:ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 ന് ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് വീണ്ടും നീട്ടിയത്. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
എത്ര വാഹനങ്ങള്‍ വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാന്‍ ബെംഗളൂരു ഐ.ഐഎം, ചെന്നൈ ഐ.ഐ.ടി എന്നിവയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇ-പാസ് നീട്ടാന്‍ കോടതി ഉത്തരവിറക്കിയത്. ഓഫ് സീസണില്‍ എത്ര സഞ്ചാരികള്‍ എത്തുന്നു എന്ന കണക്ക് ലഭിക്കാനാണ് ഇത്. ഈ വിവരങ്ങള്‍ ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താന്‍ സഹായകരമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇ-പാസുകള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാല്‍, വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്പോസ്റ്റുകളില്‍ത്തന്നെ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇ-പാസ് അനുവദിക്കും.
ഇ-പാസ് ഏര്‍പ്പെടുത്തിയത് ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികള്‍ കുറയുന്നതിന് കാരണമായതായി വിമര്‍ശനമുയര്‍ന്നിരുന്നു. മേയിൽ ഊട്ടിയിൽ ശരാശരി വരുന്നതിനേക്കാൾ ഒരു ലക്ഷത്തോളം സഞ്ചാരികൾ കുറഞ്ഞിരുന്നു. ഇതിനെതിരെ ഹോട്ടലുടകളും ടൂറിസം സംരംഭകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇ-പാസ് ലഭ്യമാക്കുന്നതിന് എല്ലാ ചെക്പോസ്റ്റുകളിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്‌പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വാഹനരേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.എല്ലാ ചെക്പോസ്റ്റുകളിലും കര്‍ശനപരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.