കണ്ണൂര്‍: കെ. വിദ്യ വ്യാജരേഖ ചമച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ.യെ താറടിക്കരുതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിദ്യ എസ്.എഫ്.ഐ. ഭാരവാഹിയല്ല. സ്ഥാനാര്‍ഥികളാകുന്നവരെല്ലാം സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. രാജീവ് ഗാന്ധിയെ വധിച്ചത് ഒരു പെണ്‍കുട്ടിയല്ലേ എന്നും ഇ.പി. ചോദിച്ചു. ഒരു പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ, പിന്നില്‍ ഗൂഢാലോചനയില്ലേ എന്ന് ഉദ്ദേശിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
തെറ്റുകളെ അപലപിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. കെ. വിദ്യ എസ്.എഫ്.ഐ.യുടെ ഒരു ഭാരവാഹിയുമായിരുന്നില്ല. എസ്.എഫ്.ഐ. നേതാക്കള്‍ തന്നെ അത് വ്യക്തമാക്കിയതാണ്. കോളേജ് തിരഞ്ഞെടുപ്പുകളില്‍ പലതരം ആളുകളെ സ്ഥാനാര്‍ഥികളാക്കും. അതു കരുതി അവരെല്ലാം ആ സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. പാര്‍ട്ടി ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. വ്യാജരേഖയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇ.പി. പറഞ്ഞു.
ചിത്രങ്ങള്‍ പലരും പല നേതാക്കള്‍ക്കുമൊപ്പം എടുക്കാറുണ്ട്. ഒരു നേതാവിന്റെ കൂടെയുള്ള ചിത്രമുണ്ടെന്നുവെച്ച് ആള്‍ പാര്‍ട്ടി ഭാരവാഹിയാകണമെന്നില്ല. മഹാരാജാസ് പോലൊരു കോളേജില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പിടിക്കപ്പെടുമ്പോഴാണ് എല്ലാ സംഭവങ്ങളും പുറത്തറിയുന്നത്. അതിനനുസരിച്ച് നിലപാടും സ്വീകരിക്കുന്നുണ്ട്. ഒരു കുറ്റവാളികളെയും സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
എസ്.എഫ്.ഐ. എന്നത് വിദ്യാര്‍ഥികള്‍ക്ക് ഒരു ഹരമാണിന്ന്. കോളേജില്‍ വരുന്ന കുട്ടികളൊക്കെ എസ്.എഫ്.ഐ.യില്‍ വരുന്നു. എ.ബി.വി.പി.യിലും കെ.എസ്.യു.വിലും ഇപ്പോള്‍ ആളുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. കോളേജുകളില്‍ ലക്ഷക്കണക്കിന് കുട്ടികളുണ്ട്. അവരില്‍ മദ്യപിക്കുന്നവരും മദ്യപിക്കാത്തവരും പലതരത്തിലുള്ള ശീലങ്ങളും സ്വഭാവങ്ങളുമുള്ളവരുണ്ടാകും. അവരെയൊക്കെ നല്ല കുട്ടികളാക്കി മാറ്റിയെടുക്കലാണ് എസ്.എഫ്.ഐ.യുടെ പണിയെന്നും ജയരാജന്‍.