32.8 C
Kottayam
Thursday, May 9, 2024

വഴിയരികില്‍ നിന്ന് ബിരിയാണി വാങ്ങി കഴിക്കുന്നവര്‍ ജാഗ്രതൈ! സാമ്പിളുകളില്‍ മനുഷ്യവിസര്‍ജ്ജത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയ; തെരുവോര ബിരിയാണി കച്ചവടത്തിന് പൂട്ടു വീഴും

Must read

കോഴിക്കോട്: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീണേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി തെരുവോരത്ത് വാഹനങ്ങളില്‍ എത്തിച്ച് ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

അറുപതും എഴുപതും രൂപയ്ക്കാണ് പലയിടത്തും ബിരിയാണി വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറിയിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ച തെരുവോര ബിരിയാണി കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകളായി പരിശോധന തുടങ്ങിയത്. ഇതിലാണ് പലതിലും ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടത്.

മനുഷ്യവിസര്‍ജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ഇതിന്റെ സാന്നിധ്യം ഭക്ഷണത്തില്‍ എങ്ങനെ എത്തിയെന്നതില്‍ വരുംദിവസങ്ങളില്‍ വ്യക്തമാവും. ശുദ്ധമല്ലാത്ത വെള്ളത്തില്‍നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാവാം എന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള റോഡ് സൈഡില്‍ ഭക്ഷ്യ വില്‍പ്പന സജീവമായതോടെ കര്‍ശന പരിശോധനയ്ക്ക് നേതൃത്വം കൊടുക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

പാതയോരങ്ങളില്‍ വാഹനങ്ങളില്‍ ഭക്ഷണ വില്‍പ്പനയ്ക്ക് ചെറുകിട വ്യവസായമെന്ന നിലയില്‍ ലൈസന്‍സ് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന കച്ചവടം മിക്കതും അനധികൃതമാണ്. ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം കൊടുക്കാന്‍ തുടങ്ങിയതോടെയാണ് തെരുവോര കച്ചവടം വര്‍ധിച്ചത്. പരിശോധനയ്ക്കയച്ച സാമ്ബിളികുളില്‍ ഇനിയും ഫലം വരാനുണ്ട്. പരിശോധനയും തുടരുന്നുണ്ട്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week