കണ്ണൂർ: മുൻ ഡിവൈ.എസ്.പി. പി. സുകുമാരൻ, കോൺഗ്രസ് മുൻ ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എം.കെ. രാജു എന്നിവർ കുമ്മനം രാജശേഖരനിൽനിന്ന് ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം. നേതാവ് പി. ജയരാജനെ അറസ്റ്റു ചെയ്തത് പി. സുകുമാരനായിരുന്നു.
ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് എന്നിവർ സംബന്ധിച്ചു.
'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കും -കുമ്മനം കണ്ണൂർ: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരൻ. കണ്ണൂർ മാരാർജി ഭവനിൽ ബി.ജെ.പി. അംഗത്വ കാമ്പയിൻ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങൾ നടപ്പാക്കുന്ന സർക്കാരാണ് മോദിയുടെ നേതൃത്വത്തിൽ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ എതിർപ്പുകളുരുന്നത് സ്വാഭാവികമാണ്. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു നിയമം ഇവയെല്ലാം നടപ്പാക്കുമ്പോൾ ജനങ്ങളിലുണ്ടാകുന്ന ദേശീയോദ്ഗ്രഥനം നാം കാണാതെ പോവരുത്. എല്ലാ പൗരൻമാർക്കും ഒരു സിവിൽ നിയമമെന്നത് ബി.ജെ.പി. നൽകിയ ഉറപ്പാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികമായ അവകാശങ്ങൾ അനുഭവിക്കാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. അതിനുള്ള സാഹര്യമുണ്ടാവണം. അതിന് ഏതെങ്കിലും തരത്തിലുള്ള അതിർവരമ്പുകളുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.