ചങ്ങനാശേരി: ആളിക്കത്തിയ പ്രതിഷേധം അവഗണിച്ച് ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്.
വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. സമരസമിതി പ്രവപര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്.
കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിനിടെ കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. ബി.ജെ.പി.യും യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയില്‍ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.