മുംബൈ: ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ശ്രേയസ് നായരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു.
ഗുർഗാവിൽനിന്നാണ് ശ്രേയസ് നായർ അറസ്റ്റിലായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നാണ് വിവരം. ആഡംബര കപ്പലിൽ നടന്ന മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്ത 25-ഓളം പേർക്ക് ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്നാണ് എൻസിബി പറയുന്നത്. എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കു മരുന്നുകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്നെറ്റ് വഴി ഓർഡറുകൾ സ്വീകരിക്കുന്ന ഇയാൾ ആവശ്യക്കാരിൽനിന്ന് ക്രിപ്റ്റോകറൻസിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Mumbai | Narcotics Control Bureau arrests one Shreyas Nair from Goregaon, in a drugs case. He has alleged links with Aryan Khan.
— ANI (@ANI) October 4, 2021
ആര്യന്റെയും അർബാസിന്റെയും വാട്ആപ്പ് ചാറ്റുകളിൽനിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്. ആര്യനും അർബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ നൽകുന്നവിവരം. ചില പാർട്ടികളിൽ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ലഹരിപാർട്ടി നടന്ന ആഡംബര കപ്പലിൽ ശ്രേയസ് നായരും യാത്രചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മറ്റുചില കാരണങ്ങളാൽ ഇയാൾ യാത്ര ഒഴിവാക്കുകയായിരുന്നു. അതിനിടെ, ആദ്യഘട്ട ചോദ്യംചെയ്യലിൽ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അർബാസും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നൽകിയതെന്നായിരുന്നു അർബാസ് മർച്ചന്റ് നൽകിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താൻ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാംപ്രതിയായ നടി മുൺമുൺ ധമേച്ചയും എൻ.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവെച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്തെന്നും നടി മൊഴി നൽകിയിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൊക്കെയ്നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ആര്യൻ ഖാൻ, അബ്ബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരെ കോടതി ഒക്ടോബർ ഏഴുവരെ എൻസിബി കസ്റ്റഡിയിൽവിട്ടിരുന്നു