മുംബയ്: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ളീൻ ചിറ്റ്. ആര്യൻ ഖാൻ ഉൾപ്പടെ ആറുപേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. ലഹരിമരുന്ന് കേസിൽ 14 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചത്. പത്ത് വാല്യങ്ങൾ അടങ്ങുന്നതാണ് കുറ്റപത്രം.
2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻഖാനെയും രണ്ട് സുഹൃത്തുക്കളെയും എൻസിബി അറസ്റ്റ് ചെയ്യുന്നത്. മുംബയ് തീരത്ത് ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയതിൽ ആര്യനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അർബാസ് മർച്ചന്റ്, മോഡൽ മുൻമുൻ ധമേച എന്നിവരാണ് ആര്യനൊപ്പം പിടിയിലായത്.
ആര്യനിൽ നിന്ന് നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ആര്യന്റെ അഭിഭാഷകനായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗി കോടതിയിൽ വാദിച്ചിരുന്നു. അതിനാൽ അറസ്റ്റിന് നിയമ സാധുതയില്ലെന്നും അപ്രസക്തമായ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന് ബന്ധമുണ്ടെന്നും അറസ്റ്റ് നിയമപ്രകാരമാണെന്നും എൻ.സി.ബി കോടതിയിൽ പറഞ്ഞിരുന്നു.
ആഡംബരക്കപ്പലിലെ എൻസിബി റെയിഡിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി അറസ്റ്റിന് പിന്നാലെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷണ സംഘം റെയിഡിന്റെ വീഡിയോ പകർത്തിയിരുന്നില്ല. വിവാദങ്ങൾ ഉയർന്നതോടെ അന്വേഷണം എൻസിബിയുടെ പ്രത്യേക സംഘം ഏറ്റെടുത്തിരുന്നു.