കൊച്ചി: തോക്കും മയക്കുമരുന്നുമായി പോയ ബോട്ടുകൾ പിടികൂടി തീര സംരക്ഷണസേന. മിനിക്കോയി ദ്വീപിന് സമീപത്ത് വച്ചാണ് മൂന്ന് ബോട്ടുകൾ പിടിയിലായത്. കഴിഞ്ഞയാഴ്ച മയക്കുമരുന്നുമായെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകളും തീര സംരക്ഷണ സേനയുടെ വലയിലായിരുന്നു.
എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുകയായിരുന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകൾ. തുടർന്ന് തീര സംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വളഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബോട്ടുകളിൽ നിന്ന് എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തിയത്.
ബോട്ടിൽ എത്ര പേരുണ്ടെന്നോ ഇന്ത്യൻ പൗരന്മാർ തന്നെയാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. പിടികൂടിയ ബോട്ടുകളുമായി കേരളാ തീരത്തേക്ക് വരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തിൽ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു.
നാർക്കോട്ടിക് സെല്ലിന്‍റെ ചോദ്യം ചെയ്യലിൽ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോൾ കടലിൽ ഉപേക്ഷിച്ചെന്ന് ബോട്ടിലുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. സംഭവത്തിൽ അഞ്ച് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. തുടർച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ തീരസംരക്ഷമ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.