വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തുന്നവര്‍ ചെയ്യുന്നൊരു സ്ട്രാറ്റജിയുണ്ട്. ഉമ്മറത്ത് കോളിങ്ങ് ബെല്ലടിച്ച് പുറത്ത് വരുന്നവരെ സംസാരിച്ച് എന്‍ഗേജ് ചെയ്യിച്ച് പിറകുവശത്തെ വാതില്‍ വഴി വീടിനകത്ത് കയറി മോഷ്ടിക്കുന്ന പരിപാടി. ബി.ജെ.പിയുടെ ഹിന്ദി അജണ്ടയില്‍ പ്രതികരിച്ച് ഡോ.ഷിംന അസീസ്
ഒരുരാഷ്ട്രം ഒരുഭാഷ എന്ന അമിത്ഷായുടെ ഹിന്ദി പ്രചാരണത്തില്‍ പ്രതികരിച്ച് ഡോ. ഷിംന അസീസ്.തന്റെ ഹിന്ദി പഠന സഹചര്യം ഡോ.ഷിംന അസീസ വെളിപ്പെടുത്തുകയാണ്്. ആരും ഒരു ഭാഷയും ആരെയും അടിച്ചേല്‍പ്പിക്കേണ്ടതില്ല. ആവശ്യം വന്നാല്‍ ഏത് ഭാഷയും ആര്‍ക്കും ഈസിയായി പഠിക്കാം. ഭാഷ ഒരു സംസ്‌കാരമാണെന്നാണ് ഡോ. ഷിംന പറയുന്നത്. ഒരു അനാവശ്യവിവാദം സൃഷ്ടിച്ച് പിറകില്‍ നമുക്കുള്ള എന്തോ വേവുന്നുണ്ട്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിതെന്നും ഇവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കുറേ കാലം മുന്‍പ്…
അതായത് രണ്ടായിരമാണ്ടില്‍ ഏതാണ്ട് ടീനേജ് തുടങ്ങിയ കാലത്ത് ഹൃത്വിക് റോഷന്റെ മൊഞ്ച് കണ്ടും സോനു നിഗമിന്റെ വോയ്സ് കേട്ടും പുളകിതയായി പാട്ടും സിനിമേം ആയിട്ടുള്ള മല്‍പ്പിടുത്തം വഴിയാ ഹിന്ദി പഠിച്ചത്. സ്‌കൂളില്‍ വളരെക്കുറിച്ച് വര്‍ഷമേ ആ ഭാഷ പഠിച്ചിട്ടുള്ളൂ. ഡിഗ്രിക്ക് പ്രൊജക്ടിന് ബാംഗ്ലൂര്‍ പോയപ്പോള്‍ ഉള്‍പ്പെടെ സ്പീച്ചാനുള്ള ഹിന്ദീടെ ബേസ് ഉധര്‍ സേ മിലാ…
പതിനാല് കൊല്ലം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ടും അത് കഴിഞ്ഞ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമെടുത്തിട്ടും ഇന്ന് മലയാളത്തില്‍ എഴുതുന്നത് സ്‌കൂളില്‍ ആകെയുള്ള ഒരു മണിക്കൂര്‍ ലാംഗ്വേജ് അവറില്‍ മലയാളം പഠിപ്പിച്ചവരുടേം പുസ്തകം വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ചവരുടെയും ഗുണം. മലയാളവും ‘പഠിച്ചു’ എന്ന് പറയാന്‍ പറ്റില്ല. മാതൃഭാഷയാണ് എന്നൊരു അഡ്വാന്റേജ് ഉണ്ട് എന്നത് നേരാണ്.
ഇംഗ്ലീഷ്, ലാംഗ്വേജ് ആരും പഠിപ്പിച്ചതോണ്ടല്ല, സ്‌കൂളില്‍ ‘സ്പീക്ക് ഇന്‍ ഇംഗ്ലീഷ്’ എന്ന് പറഞ്ഞ് ടീച്ചര്‍മാര്‍ പിറകേ നടന്നത് കൊണ്ടും കൈയില്‍ ഒരു ഡിഗ്രി ഉള്ളതോണ്ടും പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടും തലച്ചോറില്‍ കേറി പോയതാണ്.
പറയാണേല്‍ ഇനീം ഒന്നോ രണ്ടോ ഭാഷ തട്ടീംമുട്ടീം പറയാനറിയുന്നെങ്ങനെ എന്നൊക്കെ വിശദീകരിക്കേണ്ടി വരും. അതവിടെ നില്‍ക്കട്ടെ. അതല്ല കാര്യം.
ആരും ഒരു ഭാഷയും ആരെയും അടിച്ചേല്‍പ്പിക്കേണ്ടതില്ല. ആവശ്യം വന്നാല്‍ ഏത് ഭാഷയും ആര്‍ക്കും ഈസിയായി പഠിക്കാം. ഭാഷ ഒരു സംസ്‌കാരമാണ്. ഭാഷക്ക് അകത്ത് പോലും ഭിന്നതയുണ്ട്. കാസര്‍കോടുകാരന്റെ മലയാളം കേട്ട് മനസ്സിലാവാതെ കണ്ണ് മിഴിക്കുന്നതും തൃശൂരുകാരന്‍ സംസാരിക്കുമ്പോ എന്തോ ഒരിഷ്ടം തോന്നുന്നതും ചിരി വരുന്നതും കോട്ടയത്തെ മലയാളം കേള്‍ക്കുമ്പോ മനോരമപത്രത്തിലെ ചില പ്രയോഗങ്ങള്‍ ഓര്‍മ്മ വരുന്നതും ഒക്കെ ഇതു പോലൊരു ഭംഗിയുള്ള വൈവിധ്യമാണ്. എന്നിട്ടും നമ്മളെയെല്ലാം വിളിക്കുന്നത് മലയാളി എന്ന് തന്നെയാണ്, ആര്‍ക്കുമില്ല പരാതി.
ഇന്ത്യക്കാരനാവാന്‍ ഒരു ഭാഷയെന്ന് പറയുന്നതില്‍ വ്യക്തമായ ശരികേടുണ്ട്. ‘നാനാത്വത്തില്‍ ഏകത്വം’ തകിടം മറിക്കാനും ഭാഷ ഉള്‍പ്പെടെ ഒന്നും അടിച്ചേല്‍പ്പിക്കാനും ഇവിടെ ആര്‍ക്കും അര്‍ഹതയില്ല. നമ്മുടെ നാടിനെ അത്തരമൊരു മോഡിലേക്ക് പറഞ്ഞയക്കാന്‍ ശ്രമിക്കുന്ന സാഹചര്യവും സംശയാസ്പദമാണ്.
വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തുന്നവര്‍ ചെയ്യുന്നൊരു സ്ട്രാറ്റജിയുണ്ട്. ഉമ്മറത്ത് കോളിങ്ങ് ബെല്ലടിച്ച് പുറത്ത് വരുന്നവരെ സംസാരിച്ച് എന്‍ഗേജ് ചെയ്യിച്ച് പിറകുവശത്തെ വാതില്‍ വഴി വീടിനകത്ത് കയറി മോഷ്ടിക്കുന്ന പരിപാടി. ‘ഇവിടെ ഹിന്ദി… അവിടെ എന്ത്?’ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു അനാവശ്യവിവാദം സൃഷ്ടിച്ച് പിറകില്‍ നമുക്കുള്ള എന്തോ വേവുന്നുണ്ട്.
ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിത്.